എട്ട് ദിവസത്തിനിടെ അഞ്ച് സ്കൂളുകൾ ആക്രമിച്ച് ഇസ്രായേൽ; കൂട്ടക്കൊലകളിൽ ഇരയാകുന്നത് കുട്ടികളും സ്ത്രീകളും
ഗസ്സ സിറ്റി: ചിതറിത്തെറിച്ച മനുഷ്യ ശരീരങ്ങൾ, ചോരയൊലിച്ച് നിൽക്കുന്ന കുഞ്ഞുങ്ങൾ, ഉറ്റവരെ തിരഞ്ഞുനടക്കുന്ന ബന്ധുക്കൾ, രോഗികളെ കൊണ്ട് നിറഞ്ഞ ആശുപത്രികൾ… ഒക്ടോബർ ഏഴിന് ശേഷം ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയുടെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും ഗസ്സയിൽനിന്ന് വരുന്നത്.Israel
കഴിഞ്ഞദിവസങ്ങളിലായി വലിയ കൂട്ടക്കൊലകളാണ് ഇസ്രായേൽ നടത്തുന്നത്. എട്ട് ദിവസത്തിനിടെ അഞ്ച് സ്കൂളുകൾ ഇസ്രായേൽ അധിനിവേശ സേന ആക്രമിച്ചു. ഈ സ്കൂളുകളിൽ അഭയം പ്രാപിച്ചിരുന്ന നിരവധി പേർ ബോംബുകളും മിസൈലുകളുമേറ്റ് കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെയൊന്നും ചികിത്സിക്കാൻ പര്യാപ്തമായ സൗകര്യങ്ങൾ നിലവിൽ ഗസ്സയിലില്ലെന്നതാണ് മറ്റൊരു സങ്കടക്കാഴ്ച.
ഐക്യരാഷ്ട്ര സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന നുസൈറത്ത് അഭയാർഥി ക്യാമ്പിലെ അബു ഒറൈബാൻ സ്കൂളിന് നേരെ ഞായറാഴ്ച നടത്തിയ ആക്രമണമാണ് അവസാനത്തെ കൂട്ടക്കൊല. സംഭവത്തിൽ 17 പേർ കൊല്ലപ്പെടുകയും 80ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിലെ ഇരകളിൽ കൂടുതലും കുട്ടികളും സ്ത്രീകളുമാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് അധികൃതർ പറയുന്നു.
പരിക്കേറ്റവരെ അൽ അഖ്സ രക്തസാക്ഷി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ് കുട്ടികളും സ്ത്രീകളും ആശുപത്രി തറയിൽക്കിടന്ന് വേദനകൊണ്ട് നിലവിളിക്കുകയാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.
ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി നടത്തുന്ന അൽ ജൗനി സ്കൂളിന് നേരെ ജൂലൈ ആറിനാണ് ആക്രമണമുണ്ടാകുന്നത്. ജൂലൈ ഒമ്പതിന് ഖാൻ യൂനിസിലെ അൽ അവ്ദ സ്കൂളിന് നേരെയുണ്ടായ ആക്രമത്തിൽ 29 പേർ കൊല്ലപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഗസ്സ സിറ്റിയിൽ ക്രിസ്ത്യൻ സഭ നടത്തുന്ന ഹോളി ഫാമില സ്കൂളിന് നേരെയും ആക്രമണമുണ്ടായി. ഇതിൽ നാലുപേർ കൊല്ലപ്പെട്ടു.
ഗസ്സയിൽ എല്ലാ ദിവസവും എല്ലായിടത്തും കൂട്ടക്കൊലകൾ നടമാടുകയാണെന്ന് ബ്രിട്ടനിലെ ഫലസ്തീൻ അംബാസഡർ ഹുസാം സോംലോത് പറഞ്ഞു. ഇസ്രായേലിനെ ശിക്ഷിക്കാത്തതിന്റെയും അന്താരാഷ്ട്ര നിസ്സംഗതയുടെയും ഫലമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അഭയാർഥികൾ കഴിയുന്ന സ്കൂളിന് നേരെയുള്ള ആക്രമണം പാശ്ച്യാത്യ ലോകത്തിന്റെ ഇരുണ്ടതും മറഞ്ഞിരിക്കുന്നതുമായി സ്വഭാവം ലോകത്തിന് മുന്നിൽ തുറന്നുകാട്ടുകയാണെന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രാലയം വക്താവ് നാസർ കനാനി കുറ്റപ്പെടുത്തി. അധിനിവേശം, കൂട്ടക്കൊല, കൊലപാതകം, അക്രമം, കുട്ടികളെയും സ്ത്രീകളെയും കൊല്ലുക, ഫലസ്തീൻ വീടുകൾ തകർക്കുക എന്നിവയിലൂടെ ജനിച്ച ഒരു രാജ്യത്തിൽനിന്ന് അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള മനുഷ്യത്വപരമായ പെരുമാറ്റം പ്രതീക്ഷിക്കാവുന്നതല്ല. കുറ്റകൃത്യത്താലും കൊലപാതകത്താലുമാണ് ആ രാജ്യം സ്ഥാപിക്കപ്പെട്ടത്.
എന്നാൽ, ധാർമികതയുടെയും നിയമത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും വക്താക്കളെന്ന് അവകാശപ്പെടുന്ന യൂറോപ്യൻ, പടിഞ്ഞാറൻ രാജ്യങ്ങൾ ഇക്കാര്യത്തിൽ നിശ്ശബ്ദത പുലർത്തുകയും നിഷ്ക്രിയത്വം പാലിക്കുകയുമാണ്. അമേരിക്കയും സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണക്കുന്ന യൂറോപ്യൻ രാജ്യങ്ങളും ഈ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകുന്നു. യുദ്ധത്തിൽ അവർ പരാജയപ്പെടുകയാണ്. ഇതോടൊപ്പം അവരുടെ ധാർമികതയും മാനുഷിക അന്തസ്സും നഷ്ടപ്പെടുന്നുവെന്നും ഖമാനി കുറ്റപ്പെടുത്തി.
ഹമാസ് പോരാളികൾ താവളമാക്കിയതിനാലാണ് സ്കൂളുകളെ ആക്രമിക്കുന്നതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. എന്നാൽ, ഇതിന് തെളിവൊന്നും ഹാജരാക്കാൻ ഇസ്രായേൽ സൈന്യത്തിന് സാധിച്ചിട്ടില്ല. ഈ കൂട്ടക്കൊലകളിൽ അധികവും കൊല്ലപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണെന്നതാണ് മറ്റൊരു വസ്തുത.
ഒക്ടോബർ ഏഴിന് ശേഷം ഏകദേശം 400ഓളം സ്കൂളുകൾ ഇസ്രായേൽ സൈന്യം തകർത്തുവെന്നാണ് കണക്ക്. കുടിയിറക്കപ്പെട്ട ഫലസ്തീനികൾ അഭയം തേടിയ പ്രധാന കേന്ദ്രങ്ങളാണ് ഈ സ്കൂളുകൾ. ഗസ്സയിലെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ 88 ശതമാനവുംഇസ്രായേൽ തകർത്തുകഴിഞ്ഞു. 6.2 ലക്ഷം കുട്ടികൾക്ക് നിലവിൽ സ്കൂൾ വിദ്യാഭ്യാസം മുടങ്ങിയിരിക്കുകയാണ്. സ്കൂളുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗൺസിലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.