മൂന്നാം സ്ഥാനക്കാർ ആരാകും? മൊറോക്കോ -ക്രൊയേഷ്യ ലൂസേഴ്‌സ് ഫൈനൽ ഇന്ന്
ദോഹ: ഖത്തർ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന ലൂസേഴ്‌സ് ഫൈനൽ ഇന്ന്. സെമിഫൈനലിൽ തോറ്റ മൊറോക്കോയും ക്രൊയേഷ്യയും തമ്മിൽ രാത്രി 8.30ന് ഖലിഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം. സെമിയിൽ ക്രൊയേഷ്യ അർജൻറീനയോടും മൊറോക്കോ ഫ്രാൻസിനോടുമാണ് തോറ്റിരുന്നത്. കിരീടപോരാട്ടത്തിന്റെ പടിക്കൽ വീണ രണ്ട് ടീമുകൾക്ക് മടങ്ങുമ്പോൾ വെറും കൈയോടെ പോകാനാകില്ല… അത് കൊണ്ട് മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം തീപാറും.
ലൂസേഴ്‌സ് ഫൈനൽ തുല്യ ശക്തികളുടെ പോരാട്ടമാണ്. മൊറോക്കോ ഇതിനോടകം ചരിത്രം സൃഷ്ടിച്ച് കഴിഞ്ഞു. സെമിഫൈനലിൽ തോറ്റെങ്കിലും ടീമിൽ പൂർണ്ണവിശ്വാസമുണ്ട് ആരാധകർക്ക്. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോൾ ആ വിശ്വാസം കാക്കണം ഹകീമിക്കും സംഘത്തിനും. വാലിദ് റിക്രാഖിയുടെ പ്രതിരോധതന്ത്രം തന്നെയാണ് കരുത്ത്. സിയെച്ചും ഹകീമിയും അന്നസീരിയും ഫോമിലാണ്. സെമിഫൈനലിനിറങ്ങിയ ടീമിൽ കാര്യമായ മാറ്റങ്ങളുണ്ടായേക്കില്ല. മോഡ്രിച്ച് എന്ന നായകനു വേണ്ടിയാണ് ക്രൊയേഷ്യ ഇന്ന് ഇറങ്ങുന്നത്. ലോകകപ്പിലെ അവസാന മത്സരത്തിന് മോഡ്രിച്ച് ഇറങ്ങുമ്പോൾ ജയം വേണം ടീമിന്. മോഡ്രിച്ച് നയിക്കുന്ന മധ്യനിരയാണ് ടീമിന്റെ കരുത്ത്. അവസാന മത്സരത്തിലും ഡാലിച്ചിന്റെ തന്ത്രങ്ങൾക്ക് മാറ്റമുണ്ടാകില്ല. ഇരുവരും ഗ്രൂപ്പ് സ്റ്റേജിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം ഗോൾ രഹിതമായിരുന്നു. ഖത്തറിലെ തങ്ങളുടെ അവസാന മത്സരത്തിൽ തുല്യശക്തികൾ ഏറ്റുമുട്ടുമ്പോൾ മത്സരഫലം അപ്രവചനീയമാണ്.
അതേസമയം, ഞായറാഴ്ച ഇന്ത്യൻ സമയം എട്ടരക്ക് ലുസൈൽ സ്‌റ്റേഡിയത്തിൽ അർജൻറീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ നടക്കും. 35 കാരനായ മെസി അടുത്ത ലോകകപ്പിൽ താനുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ ഇക്കുറി ഫൈനൽ വിജയിച്ച് തന്റെ കരിയറിലെ ആദ്യ ലോകകിരീടം നേടാനാകും മെസിയുടെയും സഹതാരങ്ങളുടെയും ശ്രമം. ഗോൾഡൻ ബൂട്ട്, ബോൾ പോരാട്ടങ്ങളിലും മെസി ഒന്നാമതുണ്ട്. എന്നാൽ എതിരാളികളായ ഫ്രാൻസ് തകർപ്പൻ ഫോമിലാണ്. ഇതുവരെ ഗോൾവഴങ്ങാതിരുന്ന മൊറോക്കോയെ എതിരില്ലാത്ത രണ്ടുഗോളിന് തകർത്താണ് അവർ ഫൈനലിലെത്തിയത്. 60 വർഷത്തിന് ശേഷം തുടർച്ചയായ ലോകകപ്പ് നേടാനാണ് ഫ്രഞ്ച് പടയിറങ്ങുന്നത്.2014 ലോകകപ്പിലെ ഫൈനലിൽ മെസ്സിയും സംഘവും ജർമനിക്ക് മുമ്പിൽ അടിയറവ് പറഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു തോൽവി. 1978, 1986ലുമായി രണ്ടുവട്ടമാണ് നീലപ്പട ലോകകിരീടം നേടിയത്.