പരമ്പര നഷ്ടം മാത്രമല്ല ചെന്നൈയിൽ തോറ്റാൽ ഇന്ത്യയെ കാത്തിരിക്കുന്നത്

മുംബൈയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയും വിശാഖപ്പട്ടണത്തെ രണ്ടാം ഏകദിനത്തിൽ ആസ്‌ട്രേലിയയുമാണ് ജയിച്ചത്

ചെന്നൈ: ആസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനം തോറ്റാൽ ഏകദിന റാങ്കിങിൽ ഇന്ത്യയുടെ ഒന്നാംസ്ഥാനവും നഷ്ടമാകും. ഇപ്പോൾ 114 പോയിന്റുമായി ഇന്ത്യയും ആസ്‌ട്രേലിയയും ആണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. പരമ്പര ആര് ജയിക്കുന്നുവോ അവർ ഒന്നാം സ്ഥാനത്ത് എത്തും. മാത്രമല്ല പോയിന്റിൽ മുന്നിലെത്തുകയും ചെയ്യും. വിശാഖപ്പട്ടണത്ത് ഏറ്റ കനത്ത തോൽവിയാണ് ഇന്ത്യയുടെ നില പരുങ്ങലിലായതും ആസ്‌ട്രേലിയക്ക് ആശ്വസിക്കാനുള്ള വകനൽകിയതും.

ഇന്ത്യ, ആസ്‌ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ ടീമുകളാണ് ഏകദിന റാങ്കിങിൽ ആദ്യ അഞ്ചിലുള്ളത്. മൂന്നും നാലും സ്ഥാനങ്ങളിലുള്ള ന്യൂസിലാൻഡിനും ഇംഗ്ലണ്ടിനും 111 വീതം പോയിന്റുകളാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള പാകിസ്താനാകട്ടെ 106 പോയിന്റും. ആസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ ഇപ്പോൾ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച് 1-1 എന്ന നിലയിലാണ്. അതിനാൽ ചെന്നൈയിൽ ജയിക്കുന്നവർക്കാണ് പരമ്പര സ്വന്തമാക്കനാവുക. മുംബൈയിൽ നടന്ന ആദ്യ ഏകദിനത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

വിശാഖപ്പട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ ബാറ്റിങ് മറന്നപ്പോൾ ആസ്‌ട്രേലിയ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം സ്വന്തമാക്കി. ഉച്ചക്ക് 1.30നാണ് മൂന്നാം മത്സരം. അതേസമയം അവസാനം ഇന്ത്യയില്‍ ഏകദിന പരമ്പരയ്ക്ക് എത്തിയപ്പോള്‍ 3-2ന് ഓസീസ് പരമ്പര ജയിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും കോലിക്ക് കീഴില്‍ വിജയിച്ച ശേഷം മൂന്ന് കളികള്‍ തോല്‍ക്കുകയായിരുന്നു ടീം ഇന്ത്യ. നേരത്തെ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ ബാറ്റിങ് ആണ് പ്രശ്‌നം. മിച്ചൽസ്റ്റാർക്കിന്റെ മാരക ഏറിന് മുമ്പിൽ ഇന്ത്യയുടെ മുൻനിര തകരുന്നതാണ് കണ്ടത്.

മുംബൈ ഏകദിനത്തിൽ തകർച്ച തുടങ്ങിയെങ്കിൽ വിശാഖപ്പട്ടണത്ത് തകർച്ച പൂർണമാകുകയായിരുന്നു. ആദ്യ ഏകദിനത്തിൽ ലോകേഷ് രാഹുലും രവീന്ദ്ര ജഡേജയും ചേർന്നാണ് ഇന്ത്യയെ ഉയർത്തിയത്. ആസ്‌ട്രേലിയയെ ചെറിയ സ്‌കോറിൽ പുറത്താക്കാനായതും ഇന്ത്യക്ക് നേട്ടമായി. എന്നാൽ വിശാഖപ്പട്ടണത്ത് അഞ്ച് വിക്കറ്റുമായാണ് മിച്ചൽസ്റ്റാർക്ക് കളം നിറഞ്ഞത്. അതോടെ ഇന്ത്യയുടെ മുൻനിര വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *