അബൂദബിയിൽ എം.എം.എ താരങ്ങളുടെ കൂട്ടയിടി; മുൻ യു.എഫ്.സി ചാമ്പ്യന് പരിക്ക്, 10 പേർ അറസ്റ്റിൽ

അബൂദബി: എം.എം.എ താരങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അബൂദബിയിൽ 10 പേർ അറസ്റ്റിൽ. മുൻ യു.എഫ്.സി ബാന്റംവെയ്റ്റ് ചാമ്പ്യൻ മെറാബ് ഡ്വാലിഷ്വിലിയും പി.എഫ്.എൽ ലൈറ്റ്വെയ്റ്റ് ചാമ്പ്യൻ ഉസ്മാൻ നുർമഗോമെഡോവും ഉൾപ്പെട്ട സംഘങ്ങളാണ് ഹോട്ടലിൽ ഏറ്റുമുട്ടിയത്. ബുധനാഴ്ച യാസ് ഐലൻഡിലെ ഹോട്ടലിൽ നടന്ന സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
ഹോട്ടൽ ലോബിയിൽ അഭിമുഖം നൽകുന്നതിനിടെ ഡ്വാലിഷ്വിലിയെ ഉസ്മാൻ നുർമഗോമെഡോവ് പിന്നിൽനിന്ന് ആക്രമിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. മുഖത്തടിച്ചതിന് പിന്നാലെ ഇരുവരുടെയും ഒപ്പമുണ്ടായിരുന്നവർ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിനിടെ ഡ്വാലിഷ്വിലിയുടെ മുഖത്തും തലയിലും പരിക്കേറ്റു.
സംഭവത്തിൽ നേരിട്ട് പങ്കെടുത്ത എട്ടുപേരെയും ദൃശ്യങ്ങൾ പകർത്തിയ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. നേരത്തേയുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷമെന്നും പ്രതികളെ തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിന് പിന്നാലെ മുഖത്ത് രക്തമൊലിക്കുന്ന നിലയിൽ ചികിത്സ തേടുന്നതിന്റെ ദൃശ്യങ്ങൾ ഡ്വാലിഷ്വിലി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. താനും സുഹൃത്തും മാത്രമുള്ള സമയത്ത് ഉസ്മാനും സംഘവും പിന്നിൽനിന്നെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് താരത്തിന്റെ ആരോപണം. നേരിട്ട് ഏറ്റുമുട്ടാൻ ധൈര്യമില്ലാത്തവരാണ് ഇത്തരത്തിൽ ആക്രമണം നടത്തുന്നതെന്നും ഡ്വാലിഷ്വിലി വിമർശിച്ചു.
സംഭവത്തിൽ ഉസ്മാനെതിരെ മുൻ യു.എഫ്.സി ചാമ്പ്യൻ ഇലിയ ടോപുറിയയും രംഗത്തെത്തി. സംഘമായി എത്തി ആക്രമിച്ചത് ഭീരുത്വമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, നേരത്തേ ഒരു ദാഗെസ്താനി ഗുസ്തിതാരത്തെ ഡ്വാലിഷ്വിലി ആക്രമിച്ചതാണ് പുതിയ സംഘർഷത്തിന് വഴിയൊരുക്കിയതെന്ന് യു.എഫ്.സി താരം ഇസ്ലാം മഖാച്ചേവ് ആരോപിച്ചു.
ഡ്വാലിഷ്വിലിയും നുർമഗോമെഡോവ് കുടുംബവും തമ്മിലുള്ള തർക്കങ്ങൾക്ക് മാസങ്ങളുടെ പഴക്കമുണ്ട്. 2025 ജനുവരിയിൽ നടന്ന യു.എഫ്.സി ബാന്റംവെയ്റ്റ് കിരീടപ്പോരാട്ടത്തിൽ ഉസ്മാന്റെ സഹോദരൻ ഉമർ നുർമഗോമെഡോവിനെ ഡ്വാലിഷ്വിലി പരാജയപ്പെടുത്തിയിരുന്നു. ഇതിനുശേഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായഭിന്നത പലതവണ പരസ്യമായിരുന്നു.
ശനിയാഴ്ച അബുദബിയിൽ നടക്കുന്ന റിയൽ അമേരിക്കൻ ഫ്രീസ്റ്റൈൽ (ആർ.എ.എഫ്) മത്സരത്തിൽ ബ്രസീലിയൻ താരം മർലോൺ മൊറെയ്സിനെയാണ് ഡ്വാലിഷ്വിലി നേരിടേണ്ടത്. ഉമർ നുർമഗോമെഡോവ് അമേരിക്കൻ താരം ഉറിയാ ഫേബറുമായും മത്സരിക്കുന്നുണ്ട്. എന്നാൽ, സംഘർഷത്തിൽ പരിക്കേറ്റ ഡ്വാലിഷ്വിലിക്ക് മത്സരിക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. താരം മത്സരിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. സംഭവത്തിൽ ഉൾപ്പെട്ട ഉസ്മാൻ നുർമഗോമെഡോവ് ശനിയാഴ്ചത്തെ പരിപാടിയിൽ പങ്കെടുക്കില്ലെന്നും സംഘാടകർ അറിയിച്ചു.
