തമിഴ്നാട്ടില്‍ വ്യാജമദ്യ ദുരന്തം 13 മരണം
ചെന്നൈ: തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് ജില്ലകളിലായാണ് ദുരന്തമുണ്ടായത്. വില്ലുപുരം ജില്ലയിലെ മാരക്കാനത്ത് ഒന്‍പത് പേരും ചെങ്കൽപട്ട് ജില്ലയിലെ മദുരാന്തകത്ത് നാല് പേരുമാണ് മരിച്ചത്. 35 പേര്‍ ചികിത്സയിലാണ്.
ചികിത്സയിലുള്ള രണ്ടു പേരുടെ നില ഗുരുതരമാണെന്ന് ഐ.ജി എന്‍ കണ്ണന്‍ പറഞ്ഞു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഒന്‍പത് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് സംഭവം. വില്ലുപുരം ജില്ലയിലെ മാരക്കാനത്താണ് ആദ്യം വ്യാജമദ്യദുരന്തം റിപ്പോർട്ട് ചെയ്തത്. മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെയാണ് മദുരാന്തകത്തും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നു ദിവസങ്ങളിലായാണ് മരണം സ്ഥിരീകരിച്ചത്. രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് 50,000 രൂപയും നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. മരക്കാനം ഇൻസ്പെക്ടർ അരുൾ വടിവഴകൻ, സബ് ഇൻസ്പെക്ടർ ദീബൻ, കോട്ടക്കുപ്പം പ്രൊഹിബിഷൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ മരിയ സോഫി മഞ്ജുള, സബ് ഇൻസ്പെക്ടർ ശിവഗുരുനാഥൻ എന്നിവരെയാണ് കൃത്യവിലോപത്തിന് സസ്പെൻഡ് ചെയ്തത്.
13 dead in Tamil Nadu fake liquor disaster