കനേഡിയൻ പൗരത്വം എടുത്ത ഇന്ത്യക്കാരിൽ 174 ശതമാനം വർധന
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുളള നയതന്ത്ര ബന്ധം മോശമാണെങ്കിലും കനേഡിയൻ പൗരത്വമെടുക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ 174 ശതമാനമാണ് വർധനവ് എന്ന് ഓർഗനൈസേഷൻ ഫോർ ഇകണോമിക് കോഓപറേഷൻ ആൻഡ് ഡവലപ്മെന്റ് (ഒ.ഇ.സി.ഡി) രാഷ്ട്രങ്ങളുടെ റിപ്പോർട്ട് വ്യക്തമാക്കി. സമ്പന്ന രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തിൽ ലോകരാജ്യങ്ങളുടെ കൂട്ടത്തിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണെന്ന് കൂടി വ്യക്തമാക്കുന്നതാണ് ‘പാരീസ് ഇന്റർനാഷനൽ മൈഗ്രേഷൻ ഔട്ട്‍ലുക്ക്: 2023’ റിപ്പോർട്ട്. ഒ.ഇ.സി.ഡി രാജ്യങ്ങളുടെ പൗരത്വം എടുക്കുന്നവരുടെ എണ്ണത്തിൽ 2019 മുതൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
2019ൽ 1,55,799 ലക്ഷം പേർ സമ്പന്ന രാജ്യങ്ങളുടെ പൗരത്വം എടുത്താണ് ഇന്ത്യ മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള മെക്സിക്കോയുടെ നിന്ന് 1,28,826 പേരും മൂന്നാം സ്ഥാനത്തുള്ള സിറിയയിൽ നിന്ന് 40,916 പേരും വിദേശ പൗരന്മാരായി. 2021ൽ 1,32,795 ഇന്ത്യക്കാർ സമ്പന്നരാജ്യങ്ങളുടെ പൗരത്വമെടുത്ത് ഇന്ത്യ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 1,18,058 പേരുമായി മെക്സിക്കോയും 1,03,736 പേരുമായി സിറിയയും രണ്ടും മൂന്നും സ്ഥാനത്ത് തുടർന്നു. 57,000 ചൈനീസ് പൗരന്മാർ സമ്പന്ന രാജ്യങ്ങളുടെ പൗരത്വമെടുത്തിട്ടുണ്ട്.
സ്വന്തം രാജ്യം വിട്ട് ഇന്ത്യക്കാർ പൗരത്വം തേടുന്ന രാജ്യങ്ങളിൽ ഒന്നാമത്തേത് അമേരിക്കയും രണ്ടാമത്തേത് ആസ്രേതലിയയും മൂന്നാമത്തേത് കാനഡയുമാണ്. 2021ൽ 1.3 ലക്ഷം ഇന്ത്യക്കാരാണ് സമ്പന്ന രാജ്യങ്ങളുടെ പൗരത്വം സ്വീകരിച്ചത്. ശതമാനം കൊണ്ട് ആനുപാതികമായ വർധന കനേഡിയൻ പൗരന്മാരായ ഇന്ത്യക്കാരുടെ എണ്ണത്തിലാണെങ്കിലും 2021ൽ ഏറ്റവും കൂടുതൽ പേർ പൗരത്വമെടുത്തത് അമേരിക്കയിലാണ്. 56,000 പേർ. ആസ്ത്രേലിയയിൽ പോയ 24,000 ഇന്ത്യക്കാരും കനഡയിൽ പോയ 21,000 ഇന്ത്യക്കാരും അവിടെ പൗരന്മാരായി.