ഇടുക്കി ജില്ലയിൽ രണ്ടു വർഷത്തിനിടെ 18 ബാലവിവാഹങ്ങൾ
തൊടുപുഴ: ജില്ലയിൽ രണ്ടു വർഷത്തിനിടെ നടന്നത് 18 ബാലവിവാഹങ്ങൾ. തടഞ്ഞത് 15 എണ്ണം. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന്‍റെ കണക്കുകളിലാണ് ഈ വിവരങ്ങൾ. ഒരുമാസത്തിനിടെ രണ്ട് ബാലവിവാഹംകൂടി റിപ്പോർട്ട് ചെയ്തു.മൂന്നാറിൽ ഇരുപത്തിയാറുകാരൻ പതിനേഴുകാരിയെ വിവാഹം ചെയ്ത സംഭവത്തിൽ വരനെതിരെ പോക്സോ നിയമപ്രകാരം ദേവികുളം പൊലീസ് കേസെടുത്തും ഇടമലക്കുടി പഞ്ചായത്തിൽ നാൽപത്തിയേഴുകാരൻ 17കാരിയെ വിവാഹം കഴിച്ചതുമാണ് രണ്ട് കേസ്.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്. അതിർത്തി പഞ്ചായത്തുകളിലാണ് കൂടുതൽ കേസുകളും. ബാലവിവാഹം നിയമവിരുദ്ധമായതിനാൽ വിവാഹ ചടങ്ങുകൾ നടത്താതെ യുവാവിനൊപ്പം പെൺകുട്ടിയെ വിടുന്ന സംഭവങ്ങളും ജില്ലയിൽ ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ യുവാവിന്‍റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യുകയാണ് പൊലീസ് ചെയ്യുന്നത്. ബോധവത്കരണം മാത്രമാണ് ശൈശവ വിവാഹത്തിനെതിരായ മികച്ച നടപടിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തോട്ടങ്ങളിലടക്കം ജോലി ചെയ്യുന്നവരുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഉപരിപഠന സാധ്യതയും ഉറപ്പാക്കിയാൽ ഒരു പരിധിവരെ ഇവ ഒഴിവാക്കാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ബാലവിവാഹത്തിൽ ഏർപ്പെട്ടാൽ കഠിനതടവോ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.
ഈ നിയമ പ്രകാരമുള്ള കുറ്റകൃത്യം ജാമ്യമില്ലാത്തതാണ്. ഇത്തരം വിവാഹം നടന്നാൽ വരൻ, വരന്‍റെയും വധുവിന്‍റെയും മാതാപിതാക്കൾ, വിവാഹം നടത്താൻ മുൻകൈയെടുത്ത വ്യക്തികൾ എന്നിവർക്കെതിരെയും കേസെടുക്കാൻ വകുപ്പുണ്ട്. പലപ്പോഴും ഇത് സംബന്ധിച്ച് പരാതികൾ ലഭിക്കാറില്ലാത്തതാണ് അധികൃതരെ കുഴക്കുന്നത്. വീട്ടുകാരുടെയും ബന്ധുക്കളുടെയും അനുവാദത്തോടെയാണ് പല വിവാഹങ്ങളും നടക്കുന്നത്.