ഒന്നാമത് സാന്റിയാഗോ മാർട്ടിന്‍; ഇഡി വാതിലില്‍ മുട്ടിയതിന് ശേഷം ഇലക്ടറല്‍ ബോണ്ട് വാങ്ങിയവർ
2019 ഏപ്രില്‍ മുതല്‍ 2024 ഫെബ്രുവരി വരെ രാഷ്ട്രീയ പാർട്ടികള്‍ക്കായി ഏറ്റവും ഉയർന്ന തുക ഇലക്ടറല്‍ ബോണ്ടുകളായി സംഭാവന ചെയ്ത കമ്പനികളില്‍ മൂന്നെണ്ണം എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റേയും ആദായനികുതി വകുപ്പിന്റേയും അന്വേഷണം നേരിടുന്നവയാണ്. ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ്, മേഘ എഞ്ചിനീറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് , വേദാന്ത പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് കമ്പനികള്‍.
ഇലക്ടറല്‍ ബോണ്ട് നല്‍കിയവരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാന്റിയാഗൊ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആന്‍ഡ് ഹോട്ടല്‍ സർവീസ് ലിമിറ്റഡ് എന്ന കമ്പനിയാണ്. 1,368 കോടി രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. 2019 മുതല്‍ ഇഡി അന്വേഷണം നേരിടുന്ന കമ്പനിയാണിത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരധോന നിയമവുമായി ബന്ധപ്പെട്ട് 2023ല്‍ കോയമ്പത്തൂരിലും ചെന്നൈയിലുമായി ഇഡി തിരച്ചില്‍ നടത്തിയിരുന്നു. കേരളത്തില്‍ സിക്കിം സർക്കാരിന്റെ ലോട്ടറി വിറ്റതുമായി ബന്ധപ്പെട്ട സിബിഐ കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണമെന്നാണ് വിവരം.
2019-നും 2024-നും ഇടയിൽ 1000 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയ ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘാ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (MEIL) ആണ് രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും വലിയ സംഭാവന നൽകിയ രണ്ടാമത്തെ കമ്പനി. 966 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് 1989ല്‍ അഡ്രാ പ്രദേശില്‍ സ്ഥാപിതമായ കമ്പനി വാങ്ങിയത്. ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി, റോഡ്-കെട്ടിട നിർമാണം, ടെലികോം എന്നിങ്ങനെ നിരവധി പദ്ധതികളുടെ ഭാഗമായിട്ടുണ്ട് കമ്പനി. മെഡിഗാഡ ബാരേജ് വെള്ളത്തിനടിയിലായതോടെ കാലേശ്വരം പദ്ധതി വിവാദത്തില്‍പ്പെടുകയും അഴിമതി ആരോപണം നേരിടുകയും ചെയ്തിരുന്നു. പോളവാരം ഡാം പ്രൊജക്ട്, മിഷന്‍ ഭഗീരത (കുടിവെള്ള പദ്ധതി), തൂത്തുക്കുടി തെർമല്‍ പവർ പ്രൊജക്ട് എന്നിങ്ങനെ നിരവധി സുപ്രധാന പദ്ധതികളുടെ ഭാഗമാണ് എംഇഐഎല്‍.
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത് ക്വിക്ക് സപ്ലെ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡാണ്. 410 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ കമ്പനി വാങ്ങിയതായാണ് കണക്കുകള്‍. കമ്പനിയുടെ ഡയക്ടർമാരിലൊരാള്‍ റിലയന്‍സ് ഗ്രൂപ്പിലെ ഡയറക്ടറാണെന്നും റിപ്പോർട്ടുകളുണ്ട്.
അനില്‍ അഗർവാളിന്റെ വേദാന്ത പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയില്‍ പിന്നാലെയുള്ളത്. ഖനനം, ടെക്നോളജി, ഊർജം എന്നീ മേഖല കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 376 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകളാണ് വാങ്ങിയത്.
ഹല്‍ദിയ എനെർജി ഗ്രൂപ്പാണ് പട്ടികയിലെ അടുത്ത പ്രമുഖ കമ്പനി. 377 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. ആർ പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന് കീഴിലുള്ള കമ്പനിയാണിത്. കൊല്‍ക്കത്തയിലേക്കും സമീപ പ്രദേശങ്ങളിലേക്കും വൈദ്യുതി എത്തിക്കുന്ന 600 മെഗാവാട്ടിന്റെ താപനിലയം വികസിപ്പിച്ചെടുത്തത് കമ്പനിയായിരുന്നു.
എസല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (225 കോടി) വെസ്റ്റേണ്‍ യുപി പവർ ട്രാന്‍സ്മിഷന്‍ കോ (220 കോടി), ഭാരതി എയർട്ടല്‍ ലിമിറ്റഡ് (198 കോടി) കെവെന്റർ ഫുഡ്‌പാർക്ക് ഇന്‍ഫ്ര ലിമിറ്റഡ് (195 കോടി), എംകെജെ എന്റർപ്രൈസസ് ലിമിറ്റഡ് (192 കോടി) എന്നിങ്ങനെയാണ് ആദ്യ പത്തിലുള്ള മറ്റ് കമ്പനികള്‍.