ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ ദേശീയ പണിമുടക്ക്

തിരുവനന്തപുരം: സംയുക്ത ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്ക് നാളെ. വ്യവസായ, കാര്‍ഷിക, വാണിജ്യ, വ്യാപാരമേഖലകള്‍ 24 മണിക്കൂര്‍ പൂര്‍ണമായി സ്തംഭിക്കും.
കേന്ദ്രസര്‍ക്കാറിന്റെ പുതിയ തൊഴില്‍കോഡുകള്‍ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ചാണ് വിവിധ ട്രേഡ് യൂണിയനുകള്‍ ഒരുമിച്ച് നാളെ ദേശീയപണിമുടക്ക് നടത്തുന്നത്. ആണവ മേഖലയിലെ സമ്പൂര്‍ണ്ണ വിദേശ നിക്ഷേപത്തില്‍ തുടങ്ങി ഏറ്റവും ഒടുവിലത്തെ ഇന്ത്യ- അമേരിക്ക വ്യാപാരകരാര്‍ വരെയുള്ള വിഷയങ്ങള്‍ പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളും ദേശീയ പണിമുടക്കിന്റെ ഭാഗമാകുന്നുണ്ട്.
ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, കലാലയങ്ങള്‍, പൊതുഗതാഗതം എന്നിവയെ എല്ലാം പണിമുടക്ക് ബാധിക്കും. കെഎസ്ആര്‍ടിസി സര്‍വീസുകളും സ്വകാര്യ ബസ്സുകളും ഓട്ടോ, ടാക്‌സി, തൊഴിലാളികളും സമരത്തിന്റെ ഭാഗമാകുന്നതിനാല്‍ പൊതുനിരത്തുകള്‍ ശൂന്യമായിരിക്കും. ചുരുക്കത്തില്‍ ഒരു ബന്ദിന്റെ പ്രതീതിയായിരിക്കും സംസ്ഥാനത്ത് ഉണ്ടാവുക. ബിജെപി അനുകൂല സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുന്നില്ല.
വാഹനങ്ങളൊന്നും ഇല്ലാത്തതിനാല്‍ പരീക്ഷകള്‍ മാറ്റിവെക്കും. റെയില്‍വേ തൊഴിലാളി സംഘടനകളില്‍ ചിലത് സമരത്തിന്റെ ഭാഗമാകുന്നുണ്ടെങ്കിലും റെയില്‍ ഗതാഗതം സ്തംഭിക്കാന്‍ സാധ്യതയില്ല. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യസര്‍വീസുകള്‍ പതിവുപോലെ ഉണ്ടാകും.
