‘കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമായി 40 മണിക്കൂര്‍; വാഷ്‌റൂമില്‍ പോകാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടി’; അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാര്‍

40 hours with handcuffs and shackles; had difficulty going to the washroom or eating

 

അമേരിക്കയില്‍ നിന്ന് നാടുകടത്തിയ 104 ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അമൃത്‌സറില്‍ എത്തിയത്. ഇതില്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരെ പൊലീസ് വാഹനങ്ങളില്‍ അവരവരുടെ നാട്ടിലേക്ക് എത്തിച്ചു കഴിഞ്ഞു. കൈയില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ടാണ് തങ്ങളെ അമേരിക്ക നാടുകടത്തിയതെന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നിന്നുള്ള 36കാരനായ ജസ്പാല്‍ സിങ് പറഞ്ഞു. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് ഇത് അഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് വെളിപ്പെടുത്തല്‍.

ഇന്ത്യയിലേക്കാണ് തങ്ങളെ കൊണ്ടുവരുന്നതെന്ന കാര്യം ആദ്യം അറിയില്ലായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. മറ്റൊരു ക്യാമ്പിലേക്ക് മാറ്റുകയായിരിക്കും എന്നാണ് ചിന്തിച്ചത്. ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇന്ത്യയിലേക്കാണ് കൊണ്ടുപോകുന്നതെന്ന് പറഞ്ഞത്. ഞങ്ങളുടെ കൈയില്‍ വിലങ്ങുകളുണ്ടായിരുന്നു. കാലില്‍ ചങ്ങലയും. അമൃത്‌സര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇത് മാറ്റിയത് – ജസ്പാല്‍ സിങ് വ്യക്തമാക്കി.

 

അമേരിക്കയിലേക്ക് നിയമപരമായി കടക്കാനാണ് താന്‍ ശ്രമിച്ചിരുന്നതെന്നും ട്രാവല്‍ ഏജന്റ് ചതിക്കുകയായിരുന്നുവെന്നും ഇയാള്‍ അവകാശപ്പെടുന്നു.
ശരിയായ യുഎസ് വിസ ലഭിച്ചതിന് ശേഷം തനിക്ക് അയയ്ക്കാന്‍ ഏജന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ അയാള്‍ ചതിക്കുകയായിരുന്നുവെന്നും സിങ് വ്യക്തമാക്കി. 30 ലക്ഷം രൂപയുടെ ഡീലാണ് ഇതുമായി ബന്ധപ്പെട്ട് ഏജന്റുമാരുമായി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് താന്‍ ബ്രസീലില്‍ എത്തിയതെന്ന് ഇയാള്‍ പറയുന്നു.

അമേരിക്ക തിരിച്ചയച്ച മറ്റൊരു വ്യക്തിയായ ഹര്‍വിന്ദര്‍ സിങ് ഖത്തര്‍, ബ്രസീല്‍, പെറു, കൊളംബിയ, പനാമ, നികരാഗ്വാ, മെക്‌സിക്കോ എന്നിവിടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചാണ് അമേരിക്കയില്‍ എത്തിത്. അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 40 മണിക്കൂര്‍ യാത്രയെ ‘ നരകത്തെക്കാള്‍ മോശം’ എന്നാണ് വിശേഷിപ്പിച്ചത്. 40 മണിക്കൂര്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. കൈവിലങ്ങോടെ ഭക്ഷണം കഴിക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കി. അഴിച്ചുമാറ്റാനുള്ള അപേക്ഷ ചെവിക്കൊണ്ടില്ല. ശാരീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തുന്ന യാത്രയായിരുന്നു – അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കന്‍ സൈനിക വിമാനം അമൃത്സറില്‍ ഇറങ്ങിയത്. സി – 17 യു എസ് സൈനിക ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തിലാണ് നാടുകടത്തിയത്. അമേരിക്ക – മെക്‌സിക്കോ അതിര്‍ത്തി വഴി അമേരിക്കയിലേക്ക് എത്തിയവരെയാണ് പിടികൂടി തിരിച്ചയച്ചതെന്ന് പഞ്ചാബ് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. സാന്‍ ഡീഗോ മറീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട പരിമിത സൗകര്യങ്ങളുള്ള സൈനിക വിമാനത്തില്‍ 40 മണിക്കൂര്‍ യാത്ര ചെയ്ത ശേഷമാണ് ഇവര്‍ അമൃത്സറില്‍ ഇറങ്ങിയത്. ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരില്‍ 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. മറ്റൊരു 33 പേര്‍ ഗുജറാത്തില്‍ നിന്നിം 30 പേര്‍ പഞ്ചാബില്‍ നിന്നുമുള്ളവരാണ്. മഹാരാഷ്ട്രയില്‍ നിന്നും പൂനെയില്‍ നിന്നുമുള്ള മൂന്ന് പേര്‍ വീതവുമുണ്ട്.

അതേസമയം, അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ തിരിച്ചയച്ച അമേരിക്കന്‍ നടപടി പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുന്നുണ്ട്. കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. അപമാനകരമായ നടപടിയെന്ന് എംപിമാരായ മാണിക്കം ടാഗോറും ഗൗരവ് ഗോഗോയും വ്യക്തമാക്കി. കൈവിലങ്ങിട്ട രീതിയിലുള്ള ഇന്ത്യന്‍ കുടിയേറ്റക്കാരുടെ ചിത്രം ചൂണ്ടിക്കാട്ടിക്കൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍, ഇന്ത്യക്കാരെ വിലങ്ങുവെച്ചാണ് കൊണ്ടുവന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *