ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷിച്ചു
വിയൻറിയൻ: ലാവോസിലെ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ രക്ഷിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യത്തിലെ ബോകിയോ പ്രവിശ്യയിൽനിന്നാണ് ഇവരെ രക്ഷിച്ചത്.Indians
ലാവോസിലെ വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ഇന്ത്യൻ അധികൃതർ മുന്നറിയിപ്പ് നൽകുകയും വഞ്ചിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നും ആവശ്യപ്പെട്ടു. ഇതുവരെ ലാവോസിൽനിന്ന് ഇത്തരത്തിൽ കുടുങ്ങിയ 635 ഇന്ത്യക്കാരെയാണ് രക്ഷപ്പെടുത്തി നാട്ടിലേക്ക് സുരക്ഷിതമായി അയച്ചത്.
ബോകിയോ പ്രവിശ്യയിലെ ഗോൾഡൻ ട്രയാങ്കിൾ സ്പെഷൽ ഇക്കണോമിക് സോണിലെ സൈബർ തട്ടിപ്പ് കേന്ദ്രത്തിൽ കുടുങ്ങിയ 47 പേരെയാണ് അവസാനമായി രക്ഷിച്ചതെന്ന് എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. 29 പേരെ ലാവോസ് അധികൃതർ സൈബർ തട്ടിപ്പ് കേന്ദ്രത്തിനെതിരെ നടപടി സ്വീകരിച്ച് എംബസിക്ക് കൈമാറുകയായിരുന്നു. മറ്റു 18 പേർ സഹായമഭ്യർഥിച്ച് ഇന്ത്യൻ എംബസിയെ സമീപിക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനത്തിനായി പ്രാദേശിക അധികാരികളുമായി ബന്ധപ്പെടാൻ എംബസി ഉദ്യോഗസ്ഥർ ലാവോസ് തലസ്ഥാനമായ വിയന്റിയനിൽനിന്ന് ബോകിയോ വരെ സഞ്ചരിക്കുകയുണ്ടായി. രക്ഷപ്പെടുത്തിയ ഇന്ത്യൻ പൗരൻമാരെ അംബാസിഡർ പ്രശാന്ത് അഗർവാൾ സന്ദർശിക്കുകയും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും നിർദേശിക്കുകയും ചെയ്തു.
ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള എല്ലാവിധ നടപടിക്രമങ്ങളും എംബസിയുടെ നേതൃത്വത്തിലാണ് നടന്നത്. 30 പേർ ഇന്ത്യയിൽ സുരക്ഷിതമായി എത്തി. ബാക്കി 17 പേർ യാത്രാ ക്രമീകരണങ്ങൾക്ക് കാത്തിരിക്കുകയാണെന്നും അവർ ഉടൻ രാജ്യം വിടുമെന്നും എംബസി വ്യക്തമാക്കി. ഇന്ത്യൻ പൗരൻമാരുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കുന്നത് എംബസിയുടെ മുൻഗണനാ വിഷയമാണെന്നും അംബാസിഡർ അഗർഗവാൾ ഊന്നിപ്പറഞ്ഞു.
ഇന്ത്യൻ പൗരൻമാരുടെ മനുഷ്യക്കടത്ത് സംബന്ധിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞമാസം ലാവോസ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞമാസം 13 ഇന്ത്യക്കാരെ ലാവോസിലെ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങളിൽനിന്ന് രക്ഷിക്കുകയും ചെയ്തു. ഇത്തരം കേന്ദ്രങ്ങൾക്കെതിരെ ലാവോസ് സർക്കാർ നടപടി സ്വീകരിക്കണമെന്നും ഇന്ത്യൻ എംബസി ശനിയാഴ്ചത്തെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സൈബർ തട്ടിപ്പിന്റെ വിളനിലമായി തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ
ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള സൈബർ തട്ടിപ്പുകളിൽ പകുതിയിലധികവും വരുന്നത് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാൻമർ, കംബോഡിയ, ലാവോസ് എന്നിവിടങ്ങളിൽനിന്നാണ്. ചൈനീസ് ഭാഷയിലുള്ള ആപ്പുകൾ ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടക്കുന്നത്. അതിനാൽ കുറ്റകൃത്യങ്ങൾക്ക് പിന്നിലെ ചൈനീസ് ബന്ധവും അധികൃതർ സംശയിക്കുന്നുണ്ട്.
2024ൽ ആദ്യ നാല് മാസത്തിനിടെ 89,054 സൈബർ തട്ടിപ്പ് കേസുകളിലായി 1776 കോടി രൂപയാണ് ഇന്ത്യക്കാർക്ക് നഷ്ടമായത്. മികച്ച ജോലി വാഗ്ദാനം ചെയ്ത് ഈ രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്ന ഇന്ത്യക്കാരെ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കവെ കേന്ദ്ര സർക്കാർ ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക സെക്രട്ടറി അധ്യക്ഷനായി ഉന്നതതല ഇന്റർ മിനിസ്റ്റീരിയൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയിൽ വിദേശകാര്യം, ധനകാര്യം, ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി, ടെലികമ്യൂണിക്കേഷൻ വകുപ്പ്, സിബിഐ, എൻഐഎ, സിബിഐസി, തപാൽ വകുപ്പ് എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും അംഗങ്ങളാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഈ തട്ടിപ്പ് അവസാനിപ്പിക്കാൻ കേന്ദ്രീകൃതവും യോജിച്ചതുമായ നടപടി സ്വീകരിക്കുകയാണ് കമ്മിറ്റിയുടെ ലക്ഷ്യം.
ഡാറ്റാ എൻട്രി ജോലിയെന്ന പ്രതീക്ഷയിൽ എത്തുന്നവരെയാണ് സൈബർ തട്ടിപ്പാനയി ഉപയോഗിക്കുന്നത്. ആകർഷകമായ തൊഴിൽ വാഗ്ദാനങ്ങളിൽപ്പെട്ട് അവിടെ എത്തിയശേഷം തട്ടിപ്പുകാർ അവരുടെ പാസ്‌പോർട്ടുകൾ കൈക്കലാക്കും. തുടർന്ന് ടെലഗ്രാം, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഗൂഗിൾ, മറ്റ് പ്ലാറ്റ്‌ഫോമുകൾ, വ്യാജ ആപ്പുകൾ തുടങ്ങിയ ഓൺലൈൻ ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ ആളുകളെ കബളിപ്പിക്കാൻ നിർബന്ധിതരാക്കും. 5000ലേറെ ഇന്ത്യക്കാർ കംബോഡിയയിൽ സൈബർ തട്ടിപ്പ് നടത്താൻ നിർബന്ധിതരായി കുടുങ്ങിക്കിടക്കുന്നുവെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു.