തലസ്ഥാനം ക്രിക്കറ്റ് ആവേശത്തിൽ

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് ആവേശം മടങ്ങിയെത്തുമ്പോൾ ടിക്കറ്റ് വിൽപനയിൽ റെക്കോഡ് നേട്ടം. ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് 12 മണിക്കൂർ പിന്നിട്ടപ്പോൾതന്നെ 80 ശതമാനവും വിറ്റഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ബുക്കിങ് പോർട്ടൽ തുറന്ന ആദ്യമണിക്കൂറുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് സന്ദർശിച്ചത്.

തിരുവനന്തപുരത്ത് മുമ്പുനടന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ടിക്കറ്റ് വിൽപന റെക്കോഡുകളെല്ലാം കാറ്റിൽ പറത്തുന്ന വേഗതയാണിതെന്ന് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ വ്യക്തമാക്കി. ലോക ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ന്യൂസിലൻഡും നേർക്കുനേർ വരുന്നു എന്നതും, നീണ്ട ഇടവേളക്കുശേഷം തലസ്ഥാനത്ത് പുരുഷന്മാരുടെ അന്താരാഷ്ട്ര മത്സരം എത്തുന്നു എന്നതും ആരാധകരെ ആവേശത്തിലാക്കിയിട്ടുണ്ട്.

സഞ്ജു സാംസണിന്റെ സാന്നിധ്യവും കുറഞ്ഞ ടിക്കറ്റ് നിരക്കും വിൽപനയുടെ വേഗത വർധിപ്പിച്ച പ്രധാന ഘടകങ്ങളാണ്. വിദ്യാർഥികൾക്ക് 250 രൂപക്ക് മത്സരങ്ങൾ കാണാം. ജനുവരി 31നാണ് ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ട്വന്‍റി-20 മത്സരം.