നവജാത ശിശുവിനെ കിണറ്റിലിട്ട് കൊന്നത് അമ്മ; സാമ്പത്തിക പ്രയാസം കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്ന് മൊഴി
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് മഞ്ഞമലയിൽ നവജാത ശിശുവിനെ കിണറ്റിലിട്ട് കൊന്നതാണെന്ന് അമ്മ മൊഴി നൽകി. സാമ്പത്തിക പ്രയാസം കാരണം കുഞ്ഞിനെ വളർത്താൻ കഴിയാത്ത സാഹചര്യമായിരുന്നു എന്നും അമ്മ പറഞ്ഞു. കുഞ്ഞിന്റെ നൂലുകെട്ട് നടത്താൻ പോലും പണം ഇല്ലായിരുന്നു എന്നും അമ്മ മൊഴി സുരിത പൊലീസിന് മൊഴി നല്കി.
പോത്തൻകോട് മഞ്ഞമലയിൽ സുരിത – സജി ദമ്പതികളുടെ മകൻ ശ്രീദേവിനെയാണ് ഇന്ന് രാവിലെ വീടിന് പുറകിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.വെളുപ്പിനെ മൂന്നരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പിതാവ് സജി പോത്തൻകോട് പൊലീസിൽ പരാതി നൽകുന്നത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് കിണറിന്റെ കൈവരിയിൽ കുഞ്ഞിന്റെ ടവ്വൽ കണ്ടെത്തുന്നത്. സംശയം തോന്നിയ പൊലീസ് കഴക്കൂട്ടം ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി രണ്ടുമണിയോടെ കുട്ടിക്ക് പാല് നൽകാൻ നോക്കിയപ്പോഴാണ് കുട്ടി അടുത്തില്ലാത്ത വിവരം അമ്മ അറിഞ്ഞതെന്നും വീടിന്റെ പിറകുവശത്തെ വാതിൽ തുറന്നു കിടന്നിരുന്നതായും വീട്ടുകാർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാവ് സുരിതയെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.