കളിക്കിടെ തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാൽ തല്ലിയൊടിച്ചു; വീട്ടുടമക്കെതിരെ കേസ്
മരട്: കളിക്കുന്നതിനിടെ സമീപ വീട്ടിലേക്ക് തെറിച്ചുപോയ പന്തെടുക്കാൻ ചെന്ന കുട്ടിയുടെ കാൽ വീട്ടുടമ പട്ടികകൊണ്ട് തല്ലിയൊടിച്ചു. തൃപ്പൂണിത്തുറ വളപ്പിക്കടവ് കോളനിയിലെ ബ്ലായിത്തറയിൽ അനിൽ കുമാറിന്റെ മകൻ നവീനിന്റെ (10) ഇടതുകാലിന്റെ എല്ലാണ് രണ്ടിടത്ത് പൊട്ടിയത്. ചമ്പക്കര സെന്റ് ജോർജ് സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്.
ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. നവീൻ കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ പറമ്പിൽ ഫുട്ബാൾ കളിക്കുമ്പോൾ പന്ത് സമീപ വീടിനടുത്തേക്ക് തെറിച്ചുപോവുകയായിരുന്നു. ഇതെടുക്കാൻ കയറിയ നവീനെ വീട്ടുടമ പട്ടിക കൊണ്ട് മുതുകിലും കാലിലും അടിച്ചു. അടിയേറ്റ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സ്റേ പരിശോധനയിലാണ് കാലിന്റെ എല്ലിന് രണ്ട് പൊട്ടൽ ഉള്ളതായി കണ്ടെത്തിയത്. സംഭവത്തിൽ സമീപവാസിയായ ദിവ്യദീപം വീട്ടിൽ ബാലനെതിരെ കേസെടുത്തതായി മരട് പൊലീസ് അറിയിച്ചു.