കൊടുവള്ളിയിലെ വിദ്യാര്‍ഥിനിയുടെ മരണം; വാഹനം പിടികൂടി പൊലീസ്
കോഴിക്കോട്: കൊടുവള്ളിയിൽ വിദ്യാർഥിനിയുടെ മരണത്തിന് ഇടയാക്കിയ വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസ്മാസ് എന്ന പിക്കപ്പ് വാൻ ആണ് കൊടുവള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഫാത്തിമ മിൻസിയ ഇന്ന് രാവിലെയാണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30 ഓടെ കൊടുവള്ളി മാനിപുരത്ത് വെച്ചാണ് ഫാത്തിമ മിൻസിയയും സുഹൃത്തും സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം അപകടത്തിൽ പെടുന്നത്. കന്നുകാലികളെ ഇറക്കി വരികയായിരുന്ന കൊടുവള്ളി പെരിയാംതോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അസ്മാസ് എന്ന പിക്കപ്പ് വാൻ വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ തട്ടുകയായിരുന്നു. ഇരുവരും എതിർ ദിശയിൽ വരികയായിരുന്ന ബസിനടിയിലേക്ക് പതിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് ഫാത്തിമ മിൻസിയ മരിക്കുന്നത്. അപകട ശേഷം നിർത്താതെ പോയ പിക്കപ്പ് വാൻ കൊടുവള്ളി പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവർ കൊടുവള്ളിസ്വദേശി കാട്ടുപാറയിൽ അസൈനാർ സ്റ്റേഷനിൽ ഹാജരായി.
ഫോറെൻസിക് പരിശോധനക്ക് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു. ഫാത്തിമ മിൻസിയയുടെ കൂടെ യാത്ര ചെയ്തിരുന്ന പൂനൂർ സ്വദേശി ഫിദ ഫർസാന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.