മഹാരാജാസ് കോളജിലെ കത്തിക്കുത്ത്: കെ.എസ്.യു, ഫ്രറ്റേണിറ്റി പ്രവർത്തകര്‍ കസ്റ്റഡിയിൽ; വധശ്രമത്തിന് കേസ്
കൊച്ചി: എറണാകുളം മഹാരാജാസ് സംഘർഷത്തിൽ രണ്ടു പേർ കസ്റ്റഡിയിൽ. കെ.എസ്.യു പ്രവർത്തകനും എം.എ മലയാളം വിദ്യാര്‍ഥിയുമായ അമൽ , ഫ്രറ്റേണിറ്റി പ്രവർത്തകൻ ബിലാൽ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ വധശ്രമത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു.
എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൽ റഹ്മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. നാസർ അബ്ദുൽ റഹ്മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
നേരത്തെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇന്നലെ രാത്രിയും ആക്രമണമുണ്ടായത്. ഇന്നലെ അർധരാത്രി 12.30 ഓടെ നാടകപരിശീലനം നടത്തുകയായിരുന്ന പ്രവർത്തകർക്കെതിരെ ആക്രമണം നടക്കുകയായിരുന്നെന്ന് എസ്.എസ്.ഐ ഭാരവാഹികൾ പറയുന്നു. ഏകപക്ഷീയമായ ആക്രമാണ് നടന്നതെന്നും മുഖംമൂടി ധരിച്ച 17 അംഗം എത്തി ആക്രമിക്കുകയായിരുന്നെന്നും എസ്.എസ്.ഐ ആരോപിക്കുന്നു.