വെള്ളമുണ്ടയിൽ കണ്മുന്നിൽ കരടി ; വെടിവെയ്ക്കാനാകാതെ വനപാലകർ

വയനാട് വെള്ളമുണ്ട കരിങ്ങാരിയില്‍ കണ്ട കരടിയെ പിടികൂടാനായില്ല. ഇന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ മയക്കുവെടി വയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലിറങ്ങിയ കരടിയാണ് ജനവാസ കേന്ദ്രത്തില്‍ വിലസുന്നത്.

Also Read: കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മക്കും മകൾക്കും പരിക്ക്

 

ഇന്ന് രാവിലെ മുതല്‍ കരടിയുടെ പിറകിലായിരുന്നും നാട്ടുകാരും വനംവകുപ്പുദ്യോഗസ്ഥരും. വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരിപാടത്ത് കരടി പായുന്ന ദൃശ്യം പുറത്തുവന്നത് ഉച്ചയ്ക്ക് ശേഷം. ഉച്ചകഴിഞ്ഞ വയലിനുള്ളിലെ തുരുത്തിലൊന്നില്‍ പതിയിരുന്നു കരടി. വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലം വളഞ്ഞു. പടക്കം പൊട്ടിച്ചപ്പോള്‍ മറ്റൊരു തുരുത്തിലേക്ക് പാഞ്ഞു. വീണ്ടും വനംവകുപ്പ് ശ്രമം തുടര്‍ന്നു. തുടര്‍ച്ചയായി പടക്കം പൊട്ടിച്ചതോടെ കരടി വയലിലൂടെ കക്കടവ് ഭാഗത്തേക്ക് നീങ്ങി.

ഇരുട്ടുവീണതോടെ ശ്രമം ഉപേക്ഷിച്ച് ആര്‍ആര്‍ടി സംഘം മടങ്ങി. പ്രദേശത്ത് വനംവകുപ്പുദ്യോഗസ്ഥരുടെ നിരീക്ഷണം തുടരുകയാണ്. രണ്ട് ദിവസം മുമ്പ് പയ്യമ്പള്ളിയിലാണ് ഈ കരടിയെ ആദ്യം കണ്ടത്. ഇതിന് ശേഷം മാനന്തവാടി നഗരസഭയിലെ വള്ളിയൂര്ക്കാവ് ക്ഷേത്ര സമീപത്തു കരടിയെ കണ്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. തോണിച്ചാലിലും എടവക പഞ്ചായത്തിലെ മറ്റ് പലയിടത്തുമെത്തിയ കരടി ഒടുവില്‍ വെള്ളമുണ്ട പഞ്ചായത്തിലുമെത്തി. ജനവാസമേഖലയിലാണ് രണ്ടുനാളായി കരടിയുടെ സാന്നിധ്യമെന്നതിനാൽ ആശങ്കപങ്കുവയ്ക്കുന്നുണ്ട് നാട്ടുകാര്‍.

Leave a Reply

Your email address will not be published. Required fields are marked *