ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണമില്ല; അച്ഛന്‍റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: ഡോ. വന്ദന കൊലക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസന്വേഷണം സി.ബി.ഐയ്ക്കു വിടണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ മോഹൻദാസ് നൽകിയ ഹരജി കോടതി തള്ളി. പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
പൊലീസ് അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയാണ് വന്ദനയുടെ അച്ഛന്റെ ഹരജി കോടതി തള്ളിയത്. വന്ദനയെ സന്ദീപ് കുത്തിയ ദിവസം തന്നെ പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കിൽ മകളുടെ ജീവൻ രക്ഷിക്കാനായിരുന്നുവെന്നായിരുന്നു ഹരജിയിൽ പിതാവ് ചൂണ്ടിക്കാട്ടിയത്. കാര്യക്ഷമമായി അന്വേഷണം നടക്കാൻ കേസ് സി.ബി.ഐയ്ക്കു കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. പൊലീസിന്റെ ഇടപെടൽ ആവശ്യമുള്ള ക്രിമിനൽ പശ്ചാത്തലം സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്നും കോടതി വിലയിരുത്തി.
89 ദിവസം കൊണ്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇരയുടെ മാതാപിതാക്കളെ ഏതു സാഹചര്യത്തിലും കേൾക്കാൻ തയാറാണെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിൽ വിചാരണാ നടപടിക്രമങ്ങൾ ആരംഭിക്കാൻ സർക്കാർ തയാറാണ്. സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിൽ ഉൾപ്പെടെ വന്ദനയുടെ മാതാപിതാക്കളുടെ അഭിപ്രായം തേടുമെന്ന് സർക്കാർ അറിയിച്ചതുകൊണ്ട് കേസ് സി.ബി.ഐയ്ക്കു വിടേണ്ട പ്രത്യേക സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.