ആവിക്കലിലേയും കോതിയിലേയും മലിനജല സംസ്കരണപ്ലാൻറ് നിര്‍മാണത്തില്‍ നിന്ന് കോര്‍പറേഷന്‍ പിന്മാറുന്നു
കോഴിക്കോട്: ആവിക്കലിലേയും കോതിയിലേയും മലിനജല സംസ്കരണപ്ലാന്റ് നിര്‍മാണത്തില്‍ നിന്ന് കോഴിക്കോട് കോര്‍പറേഷന്‍ പിന്മാറുന്നു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നാണിത്. അമൃത് പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിക്കാനിരിക്കെ നിര്‍മാണവുമായി മുന്നോട്ട് പോയിട്ട് കാര്യമില്ലെന്ന് കോഴിക്കോട് കോർപറേഷെൻറ പുതിയ നിലപാട്. എന്നാൽ, പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും താൽകാലികമായി നിർത്തിവെച്ചതാണെന്നും മേയർ ബീന ഫിലിപ്പ് പറയുന്നു.
പദ്ധതി കാലാവധി തീരുന്നതിനൊപ്പം മാർച്ച് 31 ന് സാമ്പത്തിക വർഷം അവസാനിക്കുകയാണ്. 30 ശതമാനമെങ്കിലും പദ്ധതി തുടങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ അടുത്ത വർഷത്തേക്ക് ഇതിനായി നീക്കി വെച്ച തുക ഉപയോഗിക്കാൻ കഴിയുമായിരുന്നു. എന്നാൽ പദ്ധതി എവിടെയും എത്താത്ത സാഹചര്യത്തിലാണ് ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായത്. സംസ്ഥാന സർക്കാർ ഇനി പുതിയ പദ്ധതി പ്രഖ്യാപിച്ചാൽ മാത്രമേ പ്ലാന്റ് നിർമാണം നടത്തുമെന്നും കോർപറേഷൻ അറിയിച്ചു.
ആവിക്കൽത്തോടിൽ മാലിന്യം കുമിഞ്ഞുകൂടിയതിനെതിരെ കടുത്ത പ്രതിഷേധം നടന്നിരുന്നു. മാലിന്യസംസ്കരണപ്ലാന്റ് പദ്ധതിക്കെതിരെ സമരം ചെയ്തതുമൂലം പ്രതികാര ബുദ്ധിയോടെയാണ് കോർപ്പറേഷൻ പെരുമാറുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. നാട്ടുകാരോടുള്ള പൊലീസ് നടപടിയുൾപ്പെടെ വിവാദമായിരുന്നു.