അസമിൽ മുസ്‌ലിം വിവാഹ നിയമം റദ്ദാക്കും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

 

ഗുവാഹത്തി: അസമിൽ മുസ്‌ലിം വിവാഹ-വിവാഹമോചന നിയമം റദ്ദാക്കുന്നു. മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ചേർന്ന പ്രത്യേക അസം മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഏക സിവിൽകോഡ് നടപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണു നടപടിയെന്നു സൂചനയുണ്ട്.

 

1935ലെ മുസ്‌ലിം വിവാഹ-വിവാഹ മോചന നിയമമാണ് ഇപ്പോൾ റദ്ദാക്കാൻ തീരുമാനമായിരിക്കുന്നത്. യഥാക്രമം സ്ത്രീയുടെയും പുരുഷന്റെയും വിവാഹപ്രായമായ 18ഉം 21ഉം തികയുന്നതിനുമുൻപ് വിവാഹം കഴിക്കാൻ അനുമതി നൽകുന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ അടങ്ങിയതാണ് നിയമമെന്നാണ് ഹിമന്ത എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ചൂണ്ടിക്കാട്ടിയത്. അസമിലെ ശൈശവ വിവാഹ നിരോധനത്തിലെ സുപ്രധാന ചുവടുവയ്പ്പാണു നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

നിയമം റദ്ദാക്കിയതോടെ മുസ്‌ലിംകൾ ഇനി സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമാണു വിവാഹം രജിസ്റ്റർ ചെയ്യേണ്ടത്. ബഹുഭാര്യത്വം തടയുന്നതിനുള്ള നിയമനിർമാണം ഉടനുണ്ടാകുമെന്നും അസം സർക്കാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *