പുതിയ റോഡുകളിൽ പൈപ്പുകൾക്കും കേബിളുകൾക്കും ഡക്ടുകൾ സ്ഥാപിക്കുമെന്ന് മുഹമ്മദ് റിയാസ്text_fieldsbookmark_border

കൊച്ചി: സംസ്ഥാനത്തെ പുതിയ റോഡുകളില്‍ കുടിവെള്ള പൈപ്പുകളും കേബിളുകളും ഇടുന്നതിന് ഡക്ടുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാട്ടിപ്പറമ്പ് -കളത്തറ റോഡ് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ചുക്കുകയായിരുന്നു മന്ത്രി. റോഡുകള്‍ വെട്ടിപ്പൊളിക്കുന്നത് ഇതോടെ ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മ്മാണം കഴിഞ്ഞ ഉടനെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കുവാന്‍ വിവിധ വകുപ്പുകളെ ബന്ധിപ്പിച്ച് പോര്‍ട്ടല്‍ ഏര്‍പ്പെടുത്തും. പുതിയതായി നിര്‍മ്മിക്കുന്ന റോഡുകളില്‍ ഡക്ടുകള്‍ സ്ഥാപിക്കുന്നതിനാല്‍ പൈപ്പുകളും കേബിളുകളും ഇടുന്നതിന് വെട്ടിപ്പൊളിക്കേണ്ടി വരില്ല. കുടിവെള്ള പൈപ്പ്, വൈദ്യുത പോസ്റ്റ് തുടങ്ങിയവ റോഡുകളിൽ സ്ഥാപിക്കുന്നതിന് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

എറണാകുളം ഉള്‍പ്പെടെ ഒമ്പത് ജില്ലകളിലൂടെ 629 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നുപോകുന്ന തീരദേശ ഹൈവേയില്‍ ഡക്ടുകള്‍, സൈക്കിള്‍ പാത്ത്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കുമായി കംഫര്‍ട്ട് സ്റ്റേഷനുകള്‍ എന്നിവ ഉണ്ടാകും. 30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളില്‍ 50 ശതമാനവും 2026 ആകുമ്പോള്‍ ബി.എം ആൻഡ് ബി.സി നിലവാരത്തിലാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ കെ.ജെ മാക്‌സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ ജോസഫ്, ജില്ലാ പഞ്ചായത്തംഗം ദീപു കുഞ്ഞുക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *