ഹോസ്റ്റലിലെ തെളിവെടുപ്പ്; സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി
സിദ്ധാർത്ഥിനെ മർദ്ദിക്കാനുപയോഗിച്ച വയറും ഗ്ലൂ ഗണ്ണും ചെരിപ്പും കണ്ടെത്തി. മുഖ്യപ്രഹി സിൻജോ ജോൺസണുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. ഹോസ്റ്റലിലെ ഇരുപത്തിയൊന്നാം നമ്പർ മുറിയിലും നടുത്തളത്തിലും ഉൾപ്പെടെയാണ് തെളിവെടുപ്പ് നടത്തിയത്.
മർദ്ദിക്കാൻ ഉപയോഗിച്ച വയർ, ഗ്ലൂ ഗൺ, ചെരിപ്പ് തുടങ്ങിയവ തെളിവെടുപ്പിൽ കണ്ടെത്തി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ്ഹാൻ താമസിക്കുന്ന ഇരുപത്തിയൊന്നാം നമ്പർ മുറിയിൽ നിന്നാണ് ഗ്ലൂ ഗൺ കണ്ടെടുത്തത്. 36 ആം നമ്പർ മുറിയിൽ നിന്ന് മർദ്ദിക്കാൻ ഉപയോഗിച്ച ചെരിപ്പും കണ്ടെത്തി.
കോളജ് ഹോസ്റ്റലിൽ അലിഖിത നിയമമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പെൺകുട്ടിയുടെ പരാതി ഒത്തുതീർപ്പാക്കാനാണ് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത്. ഇതേതുടർന്ന് വീട്ടിലേക്ക് പോകും വഴി എറണാകുളത്തെത്തിയ സിദ്ധാർത്ഥൻ മടങ്ങിവന്നു. രഹാന്റെ ഫോണിൽ നിന്ന് സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയത് ഡാനിഷാണ്. നിയമനടപടിയുമായി പോയാൽ കേസ് ആകുമെന്ന് ഭീഷണിപ്പെടുത്തി. സിദ്ധാർത്ഥനെ വിളിച്ചുവരുത്തിയ ശേഷം ക്രൂരമായി മർദിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
Also Read: സിദ്ധാര്ത്ഥന്റെ മരണത്തിൽ 18 പ്രതികളും പിടിയിലായി; സിൻജോ പിടിയിലായത് കീഴടങ്ങാൻ എത്തിയപ്പോൾ
15ാം തീയതിയാണ് സിദ്ധാർത്ഥൻ വീട്ടിലേക്ക് പോകുന്നത്. ട്രെയിനിൽ മടങ്ങുന്ന സിദ്ധാർത്ഥനെ കോളജ് മെൻസ് ഹോസ്റ്റലിലെ അലിഖിത നിയമമനുസരിച്ച് കാര്യങ്ങൾ ഒത്തുതീർപ്പാക്കാം എന്ന് പറഞ്ഞ് മൊബൈൽ ഫോണിൽ വിളിച്ചു. തുടർന്ന് 16ാം തീയതി രാവിലെ ഹോസ്ററലിൽ തിരികെയെത്തിച്ചു. മുറിയിൽ നിന്ന് പുറത്തേക്ക് പോകാൻ അനുവദിക്കാതെ അന്യായ തടങ്കലിൽ വച്ച സിദ്ധാർത്ഥനെ ഹോസ്റ്റൽ മുറിയിൽ വച്ചും ഹോസ്റ്റലിന്റെ നടുമുറ്റത്ത് വച്ചും അടിവസ്ത്രം മാത്രം ധരിപ്പിച്ച് ബെൽറ്റ് കൊണ്ടും കേബിൾ വയർ കൊണ്ടും കൈകൊണ്ട് അടിച്ചും കാല് കൊണ്ട് തൊഴിച്ചും അതിക്രൂരമായി പീഡനത്തിന് ഇരയാക്കി. പൊതുമധ്യത്തിൽ പരസ്യ വിചാരണ നടത്തിയും മർദിച്ചും അപമാനിച്ചതിനെ തുടർന്ന് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സിദ്ധാർത്ഥനെ മർദിച്ച് കൊന്നതാണെന്ന് കോളജിലെ ഒരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. ഭയം കൊണ്ടാണ് പുറത്തു പറയാത്തതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
Also Read: സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാല വി.സിയെ സസ്പെൻഡ് ചെയ്ത് ഗവർണർ
‘സിദ്ധാർത്ഥനെ പട്ടിയെ തല്ലുന്നത് പോലെ തല്ലി. ഹോസ്റ്റലിന്റെ നടുവിൽ പരസ്യ വിചാരണ നടത്തി. വരുന്നുവരും പോകുന്നവരും തല്ലി. ക്രൂരമായി ഉപദ്രവിച്ചു. ബെൽറ്റും വയറും ഉപയോഗിച്ചാണ് തല്ലിയത്. സിദ്ധാർത്ഥന്റെ ബാച്ചിൽ ഉള്ളവർക്കും പങ്കുണ്ട്. അവനെ തല്ലിക്കൊന്നത് തന്നെയാണ്. പുറത്തു നല്ലവരാണെന്ന് അഭിനയിച്ചവന്മാർ കഴുകന്മാരേക്കാൾ മോശം. ജീവനിൽ ഭയമുള്ളതുകൊണ്ടാണ് പുറത്തുപറയാത്തത്’- വിദ്യാർത്ഥിനി ശബ്ദരേഖയിൽ പറയുന്നു.