അന്തർ ജില്ലാ ഫുട്‌ബോൾ കിരീടം; കക്കാട് ജി.എൽ.പി സ്‌കൂൾ ടീമിന് സ്വീകരണം നൽകി
മുക്കം: പന്നിക്കോട് എ.യു.പി സ്‌കൂൾ സംഘടിപ്പിച്ച കോഴിക്കോട് – മലപ്പുറം ജില്ലകളിലെ വിവിധ സ്‌കൂൾ ടീമുകളെ പങ്കെടുപ്പിച്ചുള്ള അന്തർ ജില്ലാ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ കക്കാട് ഗവ. എൽ.പി സ്‌കൂൾ ടീമിന് സ്‌കൂളിൽ സ്വീകരണം നൽകി. സ്‌കൂൾ ടീമിന് രണ്ടു സെറ്റ് ജേഴ്‌സി സമ്മാനിച്ച മുക്കത്തെ പ്രമുഖ സ്ഥാപനമായ ടി.പി ഫൂട്ട് മാജികിന്റെ മാനേജിംഗ് ഡയരക്ടറും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ടി.പി സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടീം അംഗങ്ങൾക്കുള്ള മെഡലുകളും ഏറ്റവും നല്ല ഗോൾക്കീപ്പറായി തെരഞ്ഞെടുക്കപ്പെട്ട തംജീദിനുള്ള ട്രോഫിയും അദ്ദേഹം സമ്മാനിച്ചു.
സ്‌കൂൾ ഹെഡ്മിസ്ട്രസ് ജാനീസ് ജോസഫ്, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, എസ്.എം.സി ചെയർമാൻ കെ ലുഖ്മാനുൽ ഹഖീം, ടീം പരിശീലകൻ ഷാക്കിർ മാസ്റ്റർ പാലിയിൽ, ടീം മാനേജർ കെ ഫിറോസ് മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജി ഷംസു മാസ്റ്റർ പ്രസംഗിച്ചു. സ്‌കൂൾ കൂട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ടീം അംഗങ്ങൾ അങ്ങാടിയിൽ വിജയാഹഌദ പ്രകടനം നടത്തി. മിഠായി വിതരണവും നടന്നു. പ്രകടനത്തിന് അധ്യാപികമാരായ ഗീതു മുക്കം, ഫസീല വെള്ളലശ്ശേരി, വിൻഷ നെല്ലിക്കാപറമ്പ്, ഷാനില കക്കാട്, സ്‌കൂൾ ലീഡർ ആയിശ മിസ, ഡെപ്യൂട്ടി ലീഡർ മുഹമ്മദ് ഋദുവാൻ തുടങ്ങിയവർ നേതൃത്വം നൽകി.
സ്‌കൂളിന്റെ ഭാവിയിലേക്കുള്ള നിർണായക ചുവടുവെപ്പിൽ ഏറെ ആവേശവും ആഹ്ലാദവും പകരുന്നതാണ് അന്തർ ജില്ലാ ഫുട്ബാൾ ചാമ്പ്യൻഷിപ്പിലെ സ്‌കൂൾ കുട്ടികളുടെ കിരീട നേട്ടം. ടീമിന്റെ, സ്‌കൂളിന്റെ തിളക്കമാർന്ന നേട്ടത്തിന് പിന്നിൽ കഠിനാധ്വാനം ചെയ്തവരെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. ചടങ്ങിൽ അൽമാഹിർ അറബിക് സ്‌കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെയും ആദരിച്ചു.