‘മുഴുവൻ വി.വി പാറ്റ് സ്ലിപ്പും എണ്ണണം’; തെര. കമ്മിഷന് സുപ്രിംകോടതിയുടെ നോട്ടിസ്
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ച് സുപ്രിംകോടതി. വി.വി പാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണു നടപടി. വി.വി പാറ്റ് സ്ലിപ്പുകൾ ബാലറ്റ് ബോക്സിൽ നിക്ഷേപിക്കാനും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ അരുൺ കുമാർ അഗർവാളാണു കോടതിയെ സമീപിച്ചത്.
ഇ.വി.എം വോട്ടിങ് മെഷീനിൽ പ്രതിപക്ഷം ആരോപണങ്ങളുമായി സജീവമായി രംഗത്തുള്ള ഘട്ടത്തിലാണ് സുപ്രിംകോടതിയുടെ ഇടപെടൽ. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്നു സമ്മതിദായകർക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ അഥവാ വി.വി പാറ്റ്. നിലവിലെ സംവിധാനത്തിൽ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷിനിലെ വി.വി പാറ്റ് മാത്രമാണ് എണ്ണുന്നത്. ഈ രീതി മാറ്റി മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്നാണു ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്ത്.
മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനിരുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. എന്നാൽ, ഇൻഡ്യ സഖ്യത്തിന്റെ പ്രതിനിധി സംഘത്തെ കാണാൻ കമ്മിഷൻ കൂട്ടാക്കിയിരുന്നില്ല. ഈ വിഷയത്തിൽ കോടതിയുടെ ആദ്യത്തെ ഇടപെടലാണ്. തെരഞ്ഞെടുപ്പിനുമുൻപ് തന്നെ ഇക്കാര്യത്തിൽ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.