‘ഏക സിവിൽ കോഡ് നടപ്പാക്കും’; ‘മോദി ഗ്യാരന്‍റി’കളുമായി പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി
ന്യൂഡൽഹി: മോദിയുടെ ഗാരന്റികളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. ഏക സിവിൽകോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയവ നടപ്പാക്കുമെന്ന് പത്രികയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ധനവില കുറയ്ക്കുമെന്നും രാജ്യത്ത് 6ജി സാങ്കേതികവിദ്യ നടപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്. അയോധ്യയിൽ കൂടുതൽ വികസനം നടപ്പാക്കുമെന്നും അന്താരാഷ്ട്രതലത്തിൽ രാമായണോത്സവം സംഘടിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്. യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിവരുടെ പ്രതിനിധികൾക്കു പത്രിക കൈമാറി പ്രതീകാത്മകമായായിരുന്നു ചടങ്ങ്.
ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുകയും സി.എ.എ കൊണ്ടുവരികയും ചെയ്തു. ഇനി രാജ്യത്ത് ഏക സിവിൽകോഡ് നടപ്പാക്കുകയും ചെയ്യുമെന്നും ചടങ്ങിൽ നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യതാൽപര്യം മുൻനിർത്തി കടുത്ത തീരുമാനമെടുക്കാൻ മടിയില്ല. ഏക സിവിൽ കോഡ് അനിവാര്യമാണ്. രാജ്യം ബി.ജെ.പി പ്രകടനപത്രികയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.
പത്രികയിലെ മറ്റു പ്രധാന വാഗ്ദാനങ്ങൾ
-വനിതാ സംവരണം പ്രാബല്യത്തിൽകൊണ്ടുവരും
-തൊഴിലാളികൾക്കായി ഇ-ശ്രമം പദ്ധതി
-ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കും
-മൂന്ന് കോടി സ്ത്രീകൾക്ക് ലക്ഷം രൂപ വരുമാനം
-കാർഷിക മേഖലയിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കും
-അന്താരാഷ്ട്രതലത്തിൽ രാമായണോൽസവം
-പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതി കുറയ്ക്കും
-റേഷൻ, വെള്ളം എന്നിവ അടുത്ത അഞ്ചു വർഷവും സൗജന്യമായി നൽകും
-ചെറുധാന്യങ്ങൾ പ്രോത്സാഹിപ്പിക്കും
-ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ലോകത്തിന് മുന്നിൽ എത്തിക്കും
-ഒ.ബി.സി വിഭാഗങ്ങൾക്ക് എല്ലാ മേഖലകളിലും അർഹമായ പ്രാതിനിധ്യം
-ഇന്ത്യയെ രാജ്യാന്തര നിർമാണ ഹബ്ബാക്കും
-പുതിയ ക്രിമിനൽ നിയമം പ്രാബല്യത്തിൽ കൊണ്ടുവരും
-റെയിൽവേ വെയിറ്റിങ് ലിസ്റ്റ് ബുദ്ധിമുട്ട് ഇല്ലാതാക്കും
-ബുള്ളറ്റ് ട്രെയിനുകൾ, കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ