യുഎഇയില്‍ ശക്തമായ മഴ; വിവിധ എമിറേറ്റുകളിൽ വെള്ളക്കെട്ട് അനുഭവപ്പെട്ടു
അബുദബി: യുഎഇയിൽ പെയ്യുന്ന ശക്തമായ മഴ ബുധനാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ മുതൽ ആലിപ്പഴവർഷത്തോടൊപ്പമുള്ള കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിവിധ എമിറേറ്റുകളിൽ വെള്ളക്കെട്ട് രൂക്ഷമായി അനുഭവപ്പെട്ടു. റാസ് അൽ ഖൈമ, അജ്മാൻ, ഷാർജ, ദുബായ് എന്നിവിടങ്ങളിലാണ് തോരാത്ത ശക്തമായ മഴയെ തുടർന്ന് വെള്ളക്കെട്ട് അനുഭവപ്പെട്ടത്.
വടക്ക് കിഴക്കൻ എമിറേറ്റുകളിൽ നാളെയും മഴ തുടരും. അസ്ഥിരമായ കാലാവസ്ഥയുടെ മറ്റൊരു തരംഗം പടിഞ്ഞാറൻ പ്രദേശങ്ങളിൽ നിന്ന് ആരംഭിച്ച് രാജ്യത്തിൻ്റെ ചിതറിക്കിടക്കുന്ന പ്രദേശങ്ങളിൽ വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദുബായ്, അബുദബി, ഷാർജ എന്നീ എമിറേറ്റുകളിൽ രണ്ട് ദിവസമെങ്കിലും മോശം കാലാവസ്ഥ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ പ്രവചനം.
രാജ്യത്തെ മോശം കാലാവസ്ഥയെ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. സർക്കാർ ഉദ്യോഗസ്ഥർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൂല കാലവസ്ഥയെ തുടർന്ന് വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഓഴിവാക്കുന്നതാണ് നല്ലതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.