ആനകളെ വിട്ടുനൽകില്ലെന്ന് ഉടമകൾ; തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം

തൃശൂർ: പൂരം നടത്തിപ്പ് പ്രതിസന്ധിയിലെന്ന് തിരുവമ്പാടി ദേവസ്വം. വനംവകുപ്പിന്റെ പുതിയ നിബന്ധനകൾ അനുസരിച്ച് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമകൾ ദേവസ്വങ്ങളെ അറിയിച്ചു. തൃശൂർ പൂരം നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ തേർവാഴ്ചയാണ് നടക്കുന്നതെന്നും തിരുവമ്പാടി ദേവസ്വം ആരോപിച്ചു.

 

പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിൽ ഹൈക്കോടതിയും കർശന നിർദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. മുഴുവൻ ആനകളുടെ പട്ടികയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാനാണ് നിർദേശം. കോടതി നിയോഗിച്ച അമിക്കസ്ക്യൂറി ആനകളെ പരിശോധിക്കണം. ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

അതേസമയം, പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് നടക്കും.രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. ആകാശത്ത് കുടമാറ്റത്തിന് സമാനമായ വർണക്കുടകൾ വിരിയിക്കുന്ന വിസ്മയ കാഴ്ചകളാണ് ഇത്തവണത്തെ പ്രത്യേകത. തൃശൂരിന്‍റെ ആകാശമേലാപ്പിൽ ഇന്ന് രാത്രി ശബ്ദ-വർണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോൾ പതിനായിരങ്ങൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും. ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. പിന്നാലെ പാറമേക്കാവും. ബഹുവര്‍ണ അമിട്ടുകള്‍, ഗുണ്ട്, കുഴിമിന്നി, ഓലപ്പടക്കം തുടങ്ങിയവ വെടിക്കെട്ടിന് വര്‍ണശോഭ നല്‍കും.

 

തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് ഇത്തവണ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളെ നയിക്കുക ഒരാളാണ്. നൂറ്റാണ്ടുകള്‍ പിന്നിട്ട ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുവിഭാഗങ്ങളുടെ വെടിക്കെട്ട് ചുമതല ഒരാളിലേക്കെത്തുന്നത്. മുണ്ടത്തിക്കോട് സ്വദേശി പി.എം സതീശാണ് ഇരുവിഭാഗത്തിന്‍റെയും വെടിക്കെട്ട് ചുമതല. സ്വരാജ് റൗണ്ടിന്‍റെ വിവിധ ഭാഗങ്ങളില്‍ ഗ്രീൻ സോണായി രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ നിന്ന് വെടിക്കെട്ട് ആസ്വദിക്കാം. 20ന് പുലര്‍ച്ചെ മൂന്നിനാണ് പ്രധാന വെടിക്കെട്ട്. പകല്‍പ്പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിഞ്ഞ ശേഷവും വെടിക്കെട്ടുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *