സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ ക്രമക്കേട്

തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേട് നടക്കുന്നതായി ‘ഓപറേഷൻ റൈസ് ബൗൾ’ എന്ന പേരിൽ നടത്തിയ വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തി. സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫിസർമാരും പാഡി ക്വാളിറ്റി അസസ്മെന്റ് ഓഫിസർമാരും ചില കൃഷി ഓഫിസർമാരും നെല്ല് സംഭരണത്തിനായി മില്ലുടമകൾ നിയോഗിക്കുന്ന ഏജന്റുമാരും ഒത്തുകളിച്ച് കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ലിന്റെ അളവിൽ കൃത്രിമം കാണിച്ച് താങ്ങുവില സഹായധനത്തിൽനിന്ന് വൻ തുക തട്ടിയെടുക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിച്ച പരിശോധന പല സ്ഥലങ്ങളിലും തുടരുകയാണ്.

ഓരോ സീസണിലും കൃഷിയിറക്കുന്നതിനുമുമ്പ് കർഷകർ സപ്ലൈകോയുടെ ഓൺലൈൻ പോർട്ടലായ supplycopaddy.in ൽ അപേക്ഷിക്കണം. അപേക്ഷ സമർപ്പിക്കുന്ന വേളയിൽ സ്വന്തം പേരിലുള്ള/പാട്ടത്തിനെടുത്ത ഭൂമിയുടെ വിസ്തീർണമടങ്ങിയ ഓണർഷിപ് സർട്ടിഫിക്കറ്റ് കർഷകൻ വില്ലേജ് ഓഫിസിൽനിന്ന് വാങ്ങി രജിസ്റ്റർ ചെയ്യണം.

പല കർഷകരും യഥാർഥത്തിലുള്ളതിനെക്കാൾ കൂടുതൽ സ്ഥലത്ത് കൃഷിചെയ്യുന്നതായി കാട്ടി രജിസ്റ്റർ ചെയ്യുന്നതായി കണ്ടെത്തി. നെല്ല് സംഭരണത്തിന് നിയോഗിച്ച മില്ലുടമയുടെ ഏജന്റ് കർഷകനെ സമീപിച്ച് കൂടുതൽ ഉൽപാദിപ്പിച്ചതായി കാണിക്കുന്ന നെല്ലിന്റെ അളവിനാനുപാതികമായ കമീഷൻ വാഗ്ദാനം ചെയ്ത് കർഷകന്റെ അനുമതി വാങ്ങും.

പാഡി മാർക്കറ്റിങ് ഓഫിസർമാർക്കും കൃഷി ഓഫിസർമാർക്കും കൈക്കൂലി നൽകി, ഇതരസംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ വിലക്ക് നെല്ല് വാങ്ങി അതും കർഷകൻ കൃഷി ചെയ്തതാണെന്ന് സാക്ഷ്യപ്പെടുത്തി പാഡി റസീപ്റ്റ് ഷീറ്റിൽ ചേർത്തുനൽകുന്നു. സർക്കാറിൽനിന്നുള്ള സാമ്പത്തിക സഹായങ്ങളും താങ്ങുവിലയും കർഷകന്റെ അക്കൗണ്ടിലെത്തിയാൽ ഏജന്റുമാർ മുൻ നിശ്ചയപ്രകാരം പണം വീതിച്ചെടുക്കുന്നു.

നെല്ല് സംഭരണത്തിനായി സർക്കാറുമായി കരാർ ഒപ്പുവെച്ച മില്ലുകാർ കൂടുതൽ ഉൽപാദനമുള്ള പാടശേഖരങ്ങൾ അനുവദിച്ചുകിട്ടാൻ പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നെന്ന് വ്യക്തമായി.ചില കൃഷി ഓഫിസർമാർ നെല്ലുല്പാദനം നടത്തിയതായി സാക്ഷ്യപ്പെടുത്തുന്ന പാടശേഖരത്തിൽതന്നെ പ്രകൃതിക്ഷോഭം മൂലം കൃഷി നശിച്ചതായി സാക്ഷ്യപ്പെടുത്തി സർക്കാർ ധനസഹായം കൈപ്പറ്റാൻ ഒത്താശ ചെയ്യുന്നതായും കണ്ടെത്തി. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ ഉത്തരവ് പ്രകാരം ഐ.ജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനക്ക് എസ്.പി ഇ.എസ്. ബിജുമോൻ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *