തുല്യതാ കോഴ്സുകളിലേക്കുള്ള അപേക്ഷ മാർച്ച് 15 വരെ
തിരുവനതപുരം: സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിന്റെ 17-ാം ബാച്ചിലേക്കും (2023-24,) ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിന്റെ 8-ാം ബാച്ചിലേക്കും (2023-25) ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 15 വരെ അപേക്ഷിക്കാം. ഹയർസെക്കണ്ടറി തുല്യത കോഴ്സിൽ ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഭാഗങ്ങളിലാണ് തുല്യതാ പഠനം. ഹയർസെക്കണ്ടറി തുല്യതയ്ക്ക് ഒന്നാം വർഷം 2600/-രൂപയും, പത്താം തരം തുല്യതയ്ക്ക് 1950/- രൂപയുമാണ് ഫീസ്. പട്ടികജാതി /പട്ടിക വർഗ്ഗ / ട്രാൻസ്ജെന്റർ/ ഭിന്നശേഷി വിഭാഗക്കാർക്ക് രേഖകൾ ഹാജരാക്കിയാൽ കോഴ്സ് ഫീസ് സൗജന്യമാണ്.
പത്താംതരം തുല്യതയ്ക്ക് ചേരുന്നതിന് കുറഞ്ഞ പ്രായപരിധി 17 വയസ്സും, ഹയർസെക്കണ്ടറി തുല്യതയ്ക്ക് 22 വയസ്സുമാണ്. പത്താം തരം പ്രവേശനത്തിന് ഏഴാം ക്ലാസ്സും, ഹയർസെക്കണ്ടറിക്ക് പത്താം തരംവും വിജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും നടത്തുന്ന സമ്പർക്ക പഠന ക്ലാസ്സുകളിൽ പങ്കെടുത്ത് പഠനം പൂർത്തീകരിക്കുന്നവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷയും ഹയർസെക്കണ്ടറി ബോർഡ് നടത്തുന്ന ഹയർസെക്കണ്ടറി തുല്യതാ പരീക്ഷയും എഴുതാം. വിജയിക്കുന്നവർക്ക് പി.എസ്.സി. അംഗീകരിക്കുന്ന തുടർ പഠനത്തിന് അർഹതയുള്ള സർട്ടിഫിക്കറ്റുകൾ നൽകും.
കുടുംശ്രീ, ആശാവർക്കർ, തൊഴിലുറപ്പ്, തുടങ്ങിയ വിഭാഗങ്ങളിലെ അംഗങ്ങൾക്കും അവസരം പ്രയോജനപ്പെടുത്താം. ട്രാൻസ്ജെന്റർ വിഭാഗത്തിന് സ്കോളർഷിപ്പ് അനുവദിക്കും.പത്താംതരം, ഹയർസെക്കണ്ടറി തുല്യത കോഴ്സിന് പുറമേ സാക്ഷരത, നാലാംതരം, ഏഴാംതരം കോഴ്സുകളിലേക്കും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സാക്ഷരതാ പ്രേരക്മാർ വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. www.literacymissionkerala.org എന്ന സൈറ്റിൽ നിന്നും ഫീസ് അടക്കാനുള്ള ചെലാൻ ഡൗൺലോഡ് ചെയ്ത് തുക എസ്.ബി. ഐ ബാങ്കിൽ അടച്ച ശേഷം kslma.keltron.in എന്ന സൈറ്റിലൂടെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. പ്രിന്റ ഔട്ട് ചെലാൻ, സർട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാമിഷൻ ഓഫീസിലോ, തദ്ദേശ സ്വയംഭരണസ്ഥപനങ്ങളിൽ പ്രവർത്തിക്കുന്ന വികസന/തുടർവിദ്യാകേന്ദ്രങ്ങളിലോ ഹാജരാക്കി രജിസ്ട്രേഷൻ അപ്രൂവൽ നേടണം. കൂടുതൽ വിവരങ്ങൾക്ക്: 04952370053