എ.കെ.ജി സെന്റർ ആക്രമണം: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കി ആദ്യകുറ്റപത്രം സമർപ്പിച്ചു
തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ പ്രതികളാക്കി ആദ്യ കുറ്റപത്രം. രണ്ടു വർഷത്തിനുശേഷം ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച കോടതി ജൂൺ 13ന് ഹാജരാകാൻ പ്രതികൾക്ക് സമൻസ് അയച്ചു.
യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിൻ ഒന്നാം പ്രതിയും നവ്യ മൂന്നാം പ്രതിയുമാണ്. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നവ്യക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തിന്റെ സൂത്രധാരനെന്ന് കരുതുന്ന രണ്ടാം പ്രതി യൂത്ത് കോൺഗ്രസ് മുൻ ജില്ല സെക്രട്ടറി സുഹൈൽ ഷാജഹാനും ഇയാളുടെ ഡ്രൈവറും നാലാം പ്രതിയുമായ സുധീഷും ഒളിവിലാണ്. ഇരുവരും വിദേശത്തേക്ക് കടന്നെന്നാണ് സൂചന.
ഡി.വൈ.എഫ്.ഐ പ്രവർത്തകർ കെ.പി.സി.സി ഓഫിസും രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസും ആക്രമിച്ചതിൽ പ്രകോപിതരായാണ് ഇവർ എ.കെ.ജി സെന്റർ ആക്രമിച്ചതെന്നാണ് കുറ്റപത്രം.