ബില്‍ക്കിസ് ബാനു കേസ്, പശുക്കടത്ത് അക്രമങ്ങൾ; കോണ്‍ഗ്രസ് ശക്തമായി പ്രതികരിക്കേണ്ടിയിരുന്നു- ശശി തരൂർ
റായ്പുര്‍: ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ മോചനത്തിനെതിരെയും പശുക്കടത്ത് ആരോപിച്ചുള്ള അക്രമങ്ങള്‍ക്കെതിരേയും കോണ്‍ഗ്രസ് കൂടുതല്‍ ശക്തമായ പ്രതികരണം നടത്തേണ്ടതായിരുന്നെന്നും ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. ബിജെപിയെ നേരിടണമെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തം പ്രത്യയശാസ്ത്രത്തേക്കുറിച്ചുള്ള വ്യക്തമായ ധാരണ ആവശ്യമാണ്. ഇന്ത്യയ്ക്കായി കോണ്‍ഗ്രസ് പോരാടുന്നിടത്തോളം രാജ്യത്തിന്റെ ഭാവി ശോഭനമാണെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. റായ്പുരില്‍ നടന്ന കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
നിലവിലുള്ള ചങ്ങാത്ത മുതലാളിത്തം രാജ്യത്തെ സമ്പത്തു മുഴുവന്‍ ഭരിക്കുന്നവരുടെ ചങ്ങാതികളായ ചെറിയ ഒരു ശതമാനം ആളുകളുടെ കൈകളിലേക്ക് എത്തിച്ചിരിക്കുകയാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി. നമ്മുടെ രാജ്യത്തിന് സാമ്പത്തിക വളര്‍ച്ച ആവശ്യമാണെന്നും അത് പാര്‍ശ്വവൽകരിക്കപ്പെട്ട സാധാരണക്കാരായ ജനങ്ങള്‍ക്ക് ഉപകാരപ്പെടണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.