‘മരിച്ചത് വൃദ്ധനല്ലേ, യുവാവല്ലല്ലോ’; എരിഞ്ഞോളി സ്‌ഫോടനത്തില്‍ വിവാദ പരാമര്‍ശവുമായി കെ സുധാകരന്‍

കണ്ണൂര്‍ എരിഞ്ഞോളിയില്‍ പറമ്പില്‍ നിന്ന് കണ്ടെത്തിയ സ്റ്റീല്‍ പാത്രം തുറക്കാന്‍ ശ്രമിച്ച വയോധികന്‍ ബോംബ് പൊട്ടി മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മരിച്ചത് വൃദ്ധനല്ലേ യുവാവല്ലല്ലോ എന്നാണ് കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കണ്ണൂരില്‍ ബോംബ് ഇനിയും പൊട്ടാനുണ്ടെന്നും എന്നിട്ട് പറയാമെന്നും കെ സുധാകരന്‍ പറഞ്ഞു.

ഈ പരാമര്‍ശം വിവാദമായതിന് പിന്നാലെ പരാമര്‍ശത്തില്‍ വിശദീകരണവുമായി കെ സുധാകരന്‍ രംഗത്തെത്തി. ഇത് അപൂര്‍വമായൊരു കൊലപാതകമാണെന്നും എത്ര ചെറുപ്പക്കാരെ സിപിഐഎം കൊന്നുവെന്നും ഇത് മെച്ചമെന്നല്ലാതെ എന്താണ് പറയേണ്ടതെന്നും കെ സുധാകരന്‍ വിശദീകരിച്ചു. സ്‌ഫോടനങ്ങളില്‍ ധാരാളം ചെറുപ്പക്കാര്‍ മരിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ അങ്ങനെയല്ലാത്ത ഒരാള്‍ എന്ന് മാത്രമാണ് താന്‍ ഉദ്ദേശിച്ചത്. വേണമെങ്കില്‍ നിങ്ങള്‍ എന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തോളൂ എന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

എരിഞ്ഞോളി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് കെ സുധാകരന്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി വിവരം കെട്ടവനാണെന്ന് സുധാകരന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിക്ക് ആണത്തം ഉണ്ടോ?അവൻ വെട്ടിക്കൊന്ന ആളെത്രയാണ്? വെടിവെച്ചു കൊന്ന ആളുകള് എത്ര?സ്കൂളിൽ പഠിക്കുന്ന കാലം മുതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ…സിപിഎമ്മിന്റെ ഓഫീസിൽ നിന്ന് ബോംബ് പിടിച്ചിട്ടുണ്ട്

ഞങ്ങളുടെ ഓഫീസിൽ നിന്നും പിടിച്ചിട്ടില്ല’ സുധാകരന്‍ പറഞ്ഞു.ഡിസിസി ഓഫിസില്‍ നിന്ന് ഒരു ബോംബും കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *