ലോക്സഭാ സ്പീക്കർ വോട്ടെടുപ്പ് ഇന്ന്

ന്യൂഡൽഹി: സ്പീക്കർ പദവിയിൽ ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക സമർപ്പിച്ചതിനാൽ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. കാൽ നൂറ്റാണ്ടിന് ശേഷമാണു സ്പീക്കർ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് നേർക്കുനേർ പോരാട്ടത്തിലെത്തിയത്.

ഓം ബിർള -കൊടിക്കുന്നിൽ മത്സരത്തിൽ ഇന്ത്യാ മുന്നണി ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. സുപ്രിയ സുലെ കൊടിക്കുന്നിലിനെ പിന്തുണച്ചുള്ള പ്രമേയത്തിൽ ഒപ്പിട്ടതോടെ എൻ.സി.പിക്ക് അതൃപ്തിയുണ്ടെന്ന ആശങ്ക മാറി.

കൊടിക്കുന്നിൽ സുരേഷിന് വിജയ സാധ്യത കുറവാണെങ്കിലും, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം ബി.ജെ.പി തെറ്റിച്ചെന്നത് ചർച്ചയാകാൻ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞു. സ്പീക്കർ സ്ഥാനത്തേക്ക് സമവായ സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കഴിയാത്ത ഫ്ലോർ മാനേജുമെന്റുമായിട്ടാണ് പതിനെട്ടാം ലോക്സഭാ സർക്കാർ ആരംഭിക്കുന്നത്.

കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ സ്പീക്കർ പദവിയിലേക്ക് ഏറ്റവും ശക്തമായ പോരാട്ടം നടന്നത് 1976-ലായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്ഥാനാർഥി ബലിറാം ഭഗത്തിനെതിരെ ജനസംഘം നിർത്തിയത് ജഗന്നാഥ് റാവു ജോഷിയെ.

1991ൽ ശിവരാജ് പാട്ടീലിനെതിരെ ബി.ജെ.പി രംഗത്തിറക്കിയത് ജസ്വന്ത് സിംഗിനെയായിരുന്നു. 1998ൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ജി.എം.സി ബാലയോഗിക്ക് മൂന്ന് സ്‌ഥാനാർഥികളെയാണ് നേരിടേണ്ടിവന്നത്.

സ്ഥാനാർഥിക്ക് സ്വന്തം പേര് സ്പീക്കർ സ്ഥാനത്തേക്ക് മുന്നോട്ടുവെയ്ക്കാനാകില്ല. മറ്റൊരംഗമാണ് ഉന്നയിക്കേണ്ടത്. പ്രധാനമന്ത്രിയോ പാർലമെന്ററികാര്യ മന്ത്രിയോ ആണ് ഭരണപക്ഷത്തുനിന്നുള്ള പ്രമേയം അവതരിപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *