മുണ്ടുടുത്ത കർഷകനെ തടഞ്ഞു; ബംഗളുരുവിലെ മാൾ അടച്ചുപൂട്ടി സർക്കാർ

Arrested farmer;  Govt shut down mall in Bengaluru

ബംഗളുരു: മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബംഗളുരുവിലെ മാൾ അടച്ചുപൂട്ടി കർണാടക സർക്കാർ. മാഗഡി റോഡിലെ ജി.ഡി വേൾഡ് മാളാണ് സർക്കാർ താൽക്കാലികമായി അടച്ചുപൂട്ടിയത്. കർഷകനെ തടഞ്ഞ ബംഗളുരുവിലെ ജി.ടി മാളിന്റെ നടപടി വ്യാപകവിമർശനത്തിന് ഇടയാക്കിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനും മാൾ ഉടമയ്ക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിന് പിന്നാലെയാണ് മാൾ ഏഴ് ദിവസം അടച്ചിടാൻ നിർദേശം നൽകിയതായി നഗരവികസന മന്ത്രി ഭൈരതി സുരേഷ് അറിയിച്ചത്. ധോത്തി ധരിക്കുന്ന മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ മാൾ അധികൃതർ തടയുമോ എന്നും മന്ത്രി ചോദിച്ചു. നിയമസഭാ സ്പീക്കർ യു ടി ഖാദറും പ്രതിഷേധവുമായി രംഗത്തെത്തി. മാളിനെതിരെ നടപടിയെടുക്കാൻ അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച വൈകിട്ടാണ് ഫക്കീരപ്പയും മകൻ നാഗരാജുവും മാളിൽ സിനിമ കാണാനെത്തിയത്. എന്നാൽ മുണ്ടുടുത്തുവന്ന ഫക്കീരപ്പയെ മാളിൽ പ്രവേശിക്കാൻ സെക്യൂരിറ്റി ജീവനക്കാർ അനുവദിച്ചില്ല. മുണ്ടുടുത്തുവരുന്നവരെ മാളിൽ പ്രവേശിപ്പിക്കരുതെന്നാണ് മാനേജ്മെൻറ് തീരുമാനമെന്നാണ് സെക്യൂരിറ്റി ജീവനക്കാരൻ ഫക്കീരപ്പയോട് പറഞ്ഞത്. പാന്റ്സ് ധരിച്ചാൽ മാത്രമെ മാളിൽ പ്രവേശനം അനുവദിക്കുവെന്ന് സെക്യൂരിറ്റി ജീവനക്കാരൻ പറയുന്നത് മകൻ നാഗരാജ് മൊബൈലിൽ ചിത്രീകരിച്ചിരുന്നു. ഇത് വൈറലായതോടെ പ്രതിഷേധവുമായി വിവിധ സംഘടനകളും കർഷകരും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ ഫക്കീരപ്പയോട് മാപ്പ് പറഞ്ഞ് മാൾ അധികൃതർ രംഗത്തെത്തി.

മാസങ്ങൾക്ക് മുമ്പ് ബംഗളൂരുവിലെ നമ്മ മെട്രോ സ്റ്റേഷനിൽ വസ്ത്രധാരണത്തിന്റെ പേരിൽ യാത്രക്കാരന് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സുരക്ഷാ സൂപ്പർവൈസറെ അധികൃതർ പിരിച്ചുവിട്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *