ഡ്യൂറന്റ് കപ്പിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; ആദ്യ മത്സരത്തിൽ മുംബൈ സിറ്റി എതിരാളികൾ

Blasters

കൊച്ചി: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോൾ ചാമ്പ്യൻഷിപ്പായ ഡ്യൂറന്റ് കപ്പിനായി ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എൽ പ്രീ സീസൺ മത്സരങ്ങളുടെ ഭാഗമായി മൂന്നാഴ്ചയായി തായ്‌ലൻഡിലായിരുന്ന ടീം നാട്ടിൽ മടങ്ങിയെത്തി. കൊൽക്കത്ത ആതിഥേയത്വം വഹിക്കുന്ന ഡ്യൂറന്റ് കപ്പിനായി താരങ്ങൾ യാത്രതിരിച്ചു. നാളെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം. നിലവിലെ ഐ.എസ്.എൽ ചാമ്പ്യൻമാരായ മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. 2024-25 സീസണിന് മുന്നോടിയായി പുതിയ ജഴ്‌സി ബ്ലാസ്റ്റേഴ്‌സ് പുറത്തിറക്കി.Blasters

നിലവിലെ മഞ്ഞ ജഴ്‌സിയിൽ നീലനിറം കൂടി ഉൾപ്പെടുത്തിയാണ് ജഴ്‌സി പുറത്തിറക്കിയത്. പുതിയ പരിശീലകനായി മിക്കേൽ സ്റ്റാറേ സ്ഥാനമേറ്റെടുത്ത ശേഷമുള്ള ആദ്യ ടൂർണമെന്റാണിത്. പ്രീ സീസൺ സന്നാഹ മത്സരത്തിൽ തായ്‌ലൻഡ് രണ്ടാം ഡിവിഷൻ ക്ലബ് സമുത് പ്രകാൻ സിറ്റിയെ ബ്ലാസ്റ്റേഴ്‌സ് തോൽപിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കിന്റെ പിടിയിലായിരുന്ന ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഘാന സ്‌ട്രൈക്കർ ക്വാമി പെപ്ര, പുതുതായി ടീമിലെത്തിയ നോവ സദൗയി, ഫ്രഞ്ച് താരം അലക്‌സാന്ദ്രെ കോയെഫ് തുടങ്ങി പ്രധാന താരങ്ങളെല്ലാം ടീമിനൊപ്പമുമുണ്ട്.

കഴിഞ്ഞ സീസണിൽ ഗോൾഡൻ ബൂട്ട് നേടി ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളടി മെഷീനായ ദിമിത്രിയോസ് ഡയമന്റകോസ് നേരത്തെ ക്ലബ് വിട്ടിരുന്നു. ക്രോയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്, ഡെയ്‌സുകെ സകായ്, യുവതാരം ജെക്‌സൻ സിങ്, ഫെഡോർ സെർണിച്, ഗോൾകീപ്പർ കരൻജിത് സിങ് എന്നിവരും ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തിലുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *