‘ഞങ്ങൾക്കുമുണ്ട് കുഞ്ഞുമക്കൾ; മുലപ്പാൽ നൽകി പരിപാലിക്കാൻ തയ്യാർ’; അഭ്യര്‍ത്ഥനയുമായി കുടുംബം
വയനാട്: മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ചെറിയകുട്ടികൾക്ക് മുലപ്പാൽ ആവശ്യമെങ്കിൽ തയ്യാറാണെന്ന അഭ്യർഥനക്ക് പിന്നാലെ സമാന അഭ്യർഥനയുമായി മറ്റൊരു കുടുംബം കൂടി രംഗത്ത്. ഇടുക്കി സ്വദേശിയായ സജിനും കുടുംബവുമാണ് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും തയ്യാറാണെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ‘ഞങ്ങൾ ഇടുക്കിയിലാണ് എങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ’ എന്നാണ് ഫോൺ നമ്പർ സഹിതം സജിൻ കുറിച്ചത്.
ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ എന്നും തന്റെ ഭാര്യ റെഡിയാണെന്നും ഒരാള്‍ വാട്സ് ആപ് സന്ദേശത്തിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചിരുന്നു.