പട്ടാപ്പകൽ വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നര ലക്ഷം രൂപയും കവർന്നു: നാലുപേർ അറസ്റ്റിൽ
പാലക്കാട്: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി അലമാര കുത്തിത്തുറന്ന് 57 പവൻ ആഭരണവും ഒന്നര ലക്ഷം രൂപയും കവർന്ന കേസിൽ നാലുപേർ പിടിയിൽ. പാലക്കാട് വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ സുരേഷ് (34), വടവന്നൂർ കൂത്തൻപാക്കം വീട്ടിൽ വിജയകുമാർ (42), നന്ദിയോട് അയ്യപ്പൻചള്ള വീട്ടിൽ റോബിൻ (31), വണ്ടിത്താവളം പരുത്തിക്കാട്ട് മടപ്രദീപ് (38) എന്നിവരെയാണ് പാലക്കാട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13ന് രാവിലെ 10.45നും 11.45നും ഇടക്കാണ് സംഭവം. കൽമണ്ഡപം പ്രതിഭാനഗറിൽ അൻസാരിയുടെ ഭാര്യ ഷെഫീനയാണ് ആക്രമണത്തിനിരയായത്. വീട്ടിൽ ഷെഫീന തനിച്ചായിരുന്നു.
മുൻവശത്ത് പൂട്ടിയിട്ട വാതിൽ തുറന്ന് അകത്തുകയറിയ സംഘം ഷെഫീനയെ കത്തികാട്ടി ഭീഷണിപ്പെടുത്തി വായിൽ തുണി തിരുകി കയറുകൊണ്ട് ബന്ധിച്ചു. മുറിക്കുള്ളിൽ കയറി അലമാര തകർത്ത് ആഭരണങ്ങളും പണവുമായി വീട്ടിലെ ബൈക്കുമായി പുറത്തിറങ്ങിയ പ്രതികൾ 100 മീറ്റർ അകലെ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ കയറി പോയി. കവർന്ന സ്വർണം 18,55,000 രൂപക്ക് കോയമ്പത്തൂരിലെ സേട്ടുവിന് വിറ്റത് അറസ്റ്റിലായ നാലുപേരാണ്. കവർച്ച നടത്തിയ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
പ്രാരംഭഘട്ടത്തിൽ ഒരു തെളിവും ഇല്ലാതിരുന്ന കേസിൽ സി.സി ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് തുമ്പുണ്ടാക്കിയത്. കസബ പൊലീസ് സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, എ. രംഗനാഥൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ശിവാനന്ദൻ, നിഷാദ്, രാജീദ്, മാർട്ടിൻ, സിവിൽ പൊലീസ് ഓഫിസർ ജയപ്രകാശ്, നേതൃത്വത്തിലുള്ള സ്ക്വാഡ്, നോർത്ത് പൊലീസ് സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, രഘു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കണ്ടത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകും.