ഒരേ മണ്ണിൽ ഒന്നിച്ച് മടക്കം; പുത്തുമലയിൽ അന്ത്യനിദ്ര; തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു
വയനാട് ഉരുൾ പൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ സംസ്കരിച്ചു.പുത്തുമലയിലെ ഹാരിസൺ മലയാളം ഭൂമിയിലാണ് സംസ്‌കാരം നടന്നത്. സർവമത പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചത്. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങളാണ് പുത്തുമലയിൽ സംസ്‌കരിച്ചത്.
Also Read: ‘സർക്കാർ അനുവദിച്ചാൽ നാളെ മുതൽ തന്നെ ഭക്ഷണ വിതരണം തുടങ്ങാൻ ഞങ്ങൾ തയ്യാറാണ്…’: പി.കെ ഫിറോസ്
മേപ്പാടി കമ്യൂണിറ്റി ഹാളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളാണ് നടപടികൾക്ക് ശേഷം പുത്തുമലയിൽ സംസ്കരിച്ചത്. പത്തടിയോളം താഴ്ചയിലാണ് കുഴികൾ ഒരുക്കിയത്. പുത്തുമലയിൽ മുൻപ് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്താണ് കൂട്ട സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. മന്ത്രിമാരായ എംബി രാജേഷ്, എകെ ശശീന്ദ്രൻ, കെ രാജൻ എന്നിവർ പുത്തുമലയിൽ എത്തിയിരുന്നു.
മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലം ഹാരിസൺ മലയാളത്തോട് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ എടുത്ത് വെക്കണമെന്ന് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനായി പുറപ്പെടുവിച്ച മാർഗനിർദേശത്തിൽ നിർദേശം നൽകിയിരുന്നു.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയിൽ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം ശേഖരിക്കും.