ബംഗ്ലാദേശ് പ്രക്ഷോഭം: ധാക്ക സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും
ന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രക്ഷോഭം രൂക്ഷമായതോടെ ധാക്കയിലേക്കുള്ള തിങ്കളാഴ്ചത്തെ വിമാന സർവീസുകൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും. ചൊവ്വാഴ്ച ധാക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളും ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. യാത്രാ തീയതി മാറ്റാനും ഇളവുകളോടെ ടിക്കറ്റ് കാൻസൽ ചെയ്യാനും സൗകര്യമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചു. പ്രക്ഷോഭത്തെ തുടർന്ന് ധാക്ക അന്താരാഷ്ട്ര വിമാനത്താവളം ആറ് മണിക്കൂർ അടച്ചതായി സൈന്യം അറിയിച്ചു.
രാജ്യംവിട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിലവിൽ ഡൽഹിയിലാണ്. ഇവിടെനിന്ന് ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. സൈന്യത്തിന്റെ നിർദേശപ്രകാരം ഇവർ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു.
പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി തകർത്തു. കൂടാതെ ഷെയ്ഖ് ഹസീനയുടെ പിതാവും മുൻ പ്രസിഡന്റുമായ ഷെയ്ഖ് മുജീബ് റഹ്മാന്റെ പ്രതിമ അടിച്ചുതകർക്കുകയും ചെയ്തു. അവാമി ലീഗ് പാർട്ടി നേതാക്കളുടെ വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി.
രാജ്യത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ വക്കർ സ്സമാൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സൈന്യത്തിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം ജനങ്ങളോട് അഭ്യർഥിച്ചു. രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവരുമെന്നും സൈനിക മേധാവി ഉറപ്പുനൽകി.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 300ലധികം പേരാണ് കൊല്ലപ്പെട്ടത്.