വീട്ടമ്മ വെട്ടേറ്റ് മരിച്ചു; ഭർത്താവും വീട്ടമ്മയുടെ സുഹൃത്തും കസ്റ്റഡിയിൽ
കുഴൽമന്ദം (പാലക്കാട്): വെട്ടേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. തേങ്കുറിശ്ശി കോട്ടപ്പള്ള തെക്കേക്കര വീട്ടിൽ ഉഷയാണ് (46) കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ച മരിച്ചത്. ബുധനാഴ്ച രാത്രി എട്ടിനാണ് വീടിന്റെ പിറകുവശത്തെ വാതിൽ തകർത്ത് അകത്തുകയറി വീട്ടമ്മയെ വെട്ടിപ്പരിക്കേൽപിച്ചത്. ആക്രമണത്തിൽ തലച്ചോർ പിളർന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് സുരേന്ദ്രൻ (52), ഉഷയുടെ സുഹൃത്തായ കണ്ണമ്പ്ര സ്വദേശി എന്നിവരെ കുഴൽമന്ദം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് കുഴൽമന്ദം പൊലീസ് പറയുന്നത് ഇങ്ങനെ: ഒന്നര വർഷംമുമ്പ് വടക്കഞ്ചേരി മുടപ്പല്ലൂർ ചക്കാന്തറ സ്വദേശിയായ ഉഷയും സുഹൃത്തായ കണ്ണമ്പ്ര സ്വദേശിയും ചേർന്ന് 63 സെൻറ് സ്ഥലം കോട്ടപ്പള്ള തെക്കേക്കരയിൽ വാങ്ങിയിരുന്നു. തുടർന്ന് ഉഷയും ഭർത്താവ് സുരേന്ദ്രനും തെക്കേക്കരയിൽ താമസം തുടങ്ങി. ഉഷയും സുഹൃത്തും തമ്മിലുള്ള ബന്ധത്തെ ചൊല്ലി കുടുംബത്തിൽ നിത്യേന പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ആറുമാസംമുമ്പ് സുരേന്ദ്രൻ ഭാര്യക്കും സുഹൃത്തിനുമെതിരെ കുഴൽമന്ദം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുകൂട്ടരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ച് രമ്യതയിൽ എത്തിയിരുന്നു.
തുടർന്നും ഭാര്യയും സുഹൃത്തും ബന്ധം തുടർന്നു എന്നാരോപിച്ച് സുരേന്ദ്രൻ മൂന്നുമാസമായി ഭാര്യയുമായി അകന്ന് താമസിച്ചുവരുകയാണ്. വടക്കഞ്ചേരി ചുവട്ടുപാടം മേരിഗിരി എന്ന സ്ഥലത്ത് റബർ തോട്ടത്തിലാണ് സുരേന്ദ്രന് പണി. സംസാരശേഷിയില്ല. സംഭവദിവസം വീടിന്റെ പിറകുവശത്ത് ഓട് ഇളക്കുന്ന ശബ്ദം ഉണ്ടെന്നും ആരോ മർദിക്കാൻ വരുന്നതായും ഉഷ സുഹൃത്തിനെ ഫോണിൽ വിളിച്ച് പറഞ്ഞതായി പൊലീസ് അറിയിച്ചു.
സംഭവത്തിൽ ഭർത്താവിനെയും ഉഷയുടെ സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വ്യാഴാഴ്ച വൈകീട്ട് നാലോടെ ഉഷയുടെ സഹോദരന്റെ വീടായ അണക്കപ്പാറ പയ്യക്കുണ്ടിൽ എത്തിച്ച മൃതദേഹം പാമ്പാടി ഐവർമഠത്തിൽ സംസ്കരിച്ചു.
കോട്ടപ്പുള്ള തെക്കേക്കരയിൽ ആലത്തൂർ ഡിവൈ.എസ്.പി ആർ. അശോകൻ, സയൻറിഫിക് ഓഫിസർ കെ. അനുപമ, ഡോഗ് സ്ക്വാഡിലെ ഹാർലി, കുഴൽമന്ദം സി.ഐ ആർ. രജീഷ്, എസ്.ഐ ബി. ഉണ്ണികൃഷ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.
ഉഷയുടെ പിതാവ്: ബാലൻ. മാതാവ്: മാധവി. മക്കൾ: അനുജ, പരേതയായ സുഭിജ. മരുമകൻ: ശ്രീജിത്ത്. സഹോദരങ്ങൾ: ബേബി, ബാബു.