കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരിയെ ഇന്ന് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ പതിമൂന്നുകാരിയെ 37 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ സുരക്ഷിതയായി കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് ഇന്നലെ രാത്രി കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ഇന്ന് രാവിലെ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് കൈമാറും.
കഴിഞ്ഞ 37 മണിക്കൂറുകളായി മലയാളി നെഞ്ചിലേറ്റിയ ഒരേയൊരു മുഖം അവളുടേതായിരുന്നു. മനസ്സിൽ കൊണ്ടുനടന്ന നിറം, അവളുടെ വസ്ത്രങ്ങളുടേതായിരുന്നു. ഊരും ഭാഷയും വരെ മറ്റൊന്ന്. പലരും പേര് പോലും അറിഞ്ഞിട്ടുണ്ടാവില്ല. എന്നിട്ടും ഈ നാട് മുഴുവൻ പ്രാർത്ഥിച്ചു, അവൾ തിരിച്ചുവരണമേയെന്ന്. അവൾക്കൊരു പോറൽ പോലുമേൽക്കരുതേയെന്ന്. ഒടുവിൽ ആ ജാഗ്രതയ്ക്ക് ഫലമുണ്ടായി. തംബരം- സാന്ദ്രഗച്ചി എക്സ്പ്രസിന്റെ ബെർത്തിൽ കിടക്കുകയായിരുന്ന കുട്ടിയെ വിശാഖപട്ടണത്ത് വെച്ച് തിരിച്ചറിഞ്ഞതും അവിടെയിറക്കിയതും മലയാളി അസോസിയേഷൻ പ്രതിനിധികൾ. ശേഷം ആർ.പി.എഫിന് കൈമാറി. ഇന്ന് രാവിലെ ചൈൽഡ് ലൈനിന് കൈമാറും. ഇന്ന് പുലർച്ചെ കേരളാ പൊലീസിന്റെ ഒരു സംഘം വിശാഖപട്ടണത്തേക്ക് പുറപ്പെട്ടിട്ടുമുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഐലൻഡ് എക്സ്പ്രസിൽ കയറിയ കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയെങ്കിലും അതേ ട്രെയിനിൽ തിരിച്ചുകയറി ചെന്നൈ എഗ്മോറിലേക്ക് പോയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇന്നലെ വ്യക്തമായിരുന്നു.
ചെന്നൈ എഗ്മോറിൽ നിന്ന് ഇന്നലെ രാവിലെ 8.11-ന് കുട്ടി, ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള ട്രെയിനിൽക്കയറി. ഇന്നലെ രാത്രി 10.12- ന് വിശാഖപട്ടണത്തെത്തിയ ട്രെയിനിൽ മലയാളി അസോസിയേഷൻ പ്രതിനിധികൾ പരിശോധന നടത്തി. ഒടുവിൽ ആശ്വാസം. ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ച് മണിക്കൂറുകളോളം യാത്ര ചെയ്തതിന്റെ ക്ഷീണം മാത്രമുണ്ട്. വീട്ടുകാരോട് പിണങ്ങി കയ്യില് 40 രൂപയുമായി ട്രെയിൻ കയറിയ 13 വയസ്സ് മാത്രമുള്ള തസ്മിദ് തംസത്തിന്, ഇനി ഒരു യാത്ര കൂടി ബാക്കിയുണ്ട്. തന്നെ കാത്തിരിക്കുന്നവർക്കരികിലേക്കുള്ള യാത്ര.