എക്സൈസ് കോൺസ്റ്റബിൾ ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാർഥികൾക്ക് ദാരുണാന്ത്യം
റാഞ്ചി: എക്സൈസ് സേനയിൽ ചേരാനുള്ള ശാരീരികക്ഷമതാ പരീക്ഷയ്ക്കിടെ 11 ഉദ്യോഗാർഥികൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡിലെ എക്‌സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നടന്ന ടെസ്റ്റിനിടെയായിരുന്നു സംഭവം.
10 കി.മീ ദൂരം ഓട്ടമായിരുന്നു കായികക്ഷമതാ പരീക്ഷയിലെ ഒരു ഇനം. കടുത്ത ചൂടിൽ ഇത്രയേറെ ദൂരം ഓടിയ ഉദ്യോഗാർഥികളിൽ പലരും കുഴഞ്ഞുവീഴുകയും 11 പേർ മരിക്കുകയുമായിരുന്നു. 100ലേറെ ഉദ്യോഗാർഥികളാണ് ഓട്ടത്തിനിടെ കുഴഞ്ഞുവീണത്. കടുത്ത ചൂടിൽ മണിക്കൂറുകളോളം വരിനിന്നതും ആരോഗ്യാവസ്ഥ മോശമാക്കി.
ആഗസ്റ്റ് 22 മുതൽ റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിങ്ഭും, സാഹേബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഫിസിക്കൽ ടെസ്റ്റ് നടന്നുവരുന്നത്. ഇതിൽ പലാമുവിൽ നാലു പേരും ഗിരിദിഹിലും ഹസാരിബാഗിലും രണ്ടു വീതം പേരും റാഞ്ചിയിലെ ജാഗുവാർ സെന്റർ, ഈസ്റ്റ് സിങ്ഭുമിലെ മൊസാബാനി, സാഹേബ്ഗഞ്ച് എന്നിവിടങ്ങളിൽ ഒരാൾ വീതവുമാണ് മരിച്ചതെന്ന് ഓപറേഷൻസ് വിഭാഗം ഐ.ജി അമോൽ വി. ഹോംകർ അറിയിച്ചു.
സംഭവത്തിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഐ.ജി പറഞ്ഞു. എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമുകൾ, മരുന്നുകൾ, ആംബുലൻസ്, മൊബൈൽ ടോയ്‌ലറ്റുകൾ, കുടിവെള്ളം എന്നിവ ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ഹോംകർ പറഞ്ഞു.
ആഗസ്റ്റ് 30 വരെ ആകെ 1,27,772 ഉദ്യോഗാർഥികൾ ഫിസിക്കൽ ടെസ്റ്റിന് ഹാജരായതായും അതിൽ 78,023 പേർ വിജയിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയാണെന്ന് ആരോപിച്ച് ബി.ജെ.പി യുവമോർച്ച രംഗത്തെത്തി. റാഞ്ചിയിലെ ആൽബെർട്ട് എക്ക ചൗക്കിൽ അവർ പ്രതിഷേധം പ്രകടനം സംഘടിപ്പിക്കുകയും ചെയ്തു.