അമ്പമ്പോ! വെറും 14 ബസ് സർവീസ് നടത്തി ഇത്ര വലിയ വരുമാനമോ…; മന്ത്രിയുടെ ‘പൊടിക്കൈ’ കൊള്ളാം, ഇത് വമ്പൻ നേട്ടം
വെറും 14 സർവീസ് നടത്തിയാണ് ഈ റെക്കോർഡ് നേട്ടം കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് സ്വന്തമാക്കിയത്. 2024 ജനുവരിയിൽ 19.72 ലക്ഷമായിരുന്നുവെങ്കിൽ ഓഗസ്റ്റ് മാസം 24 ലക്ഷം രൂപ അധികമായി നേടി വരുമാനം 43.81 ലക്ഷമാക്കി കൂട്ടി.
വരുമാനം കുറഞ്ഞ സർവീസുകൾ പുനക്രമീകരിക്കണമെന്ന ഗതാഗത വകുപ്പ് മന്ത്രിയുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നിർദ്ദേശത്തെ തുടർന്ന് ഇലക്ട്രിക് ബസുകളുടെ ഷെഡ്യൂളുകൾ റീ അറേഞ്ച് ചെയ്തത് വഴി ശരാശരി ദിവസ വരുമാനം ദിവസം 64,000ൽ നിന്ന് 1.5.ലക്ഷമാക്കി ഉയർത്തനായി. കൂടാതെ ഇപികെഎം 35ൽ നിന്നും 54ന് മുകളിലേക്ക് രൂപയിലേക്ക് മാറ്റുവാനും കഴിഞ്ഞു. സാധാരണ ഡിപ്പോകളിൽ ഷെഡ്യൂളുകൾ പരിഷ്കരിക്കുമ്പോൾ നിലവിലെ മാസ വരുമാനം ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപ വരെയാണ് വർധിക്കുന്നതെങ്കിൽ വികാസ് ഭവൻ യുണിറ്റിൽ വരുമാനം ഇരട്ടിയായാണ് കൂടിയത്.
ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിൽ നിലവിലുണ്ടായിരുന്ന പ്രധാന ട്രിപ്പുകൾ നിലനിർത്തി തീരെ നഷ്ടത്തിൽ ഓടുന്ന റൂട്ടുകൾ ക്രമീകരിച്ചതിലൂടെയുമാണ് വരുമാനത്തിൽ റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചതെന്ന് വികാസ് ഭവൻ യുണിറ്റ് ഓഫീസർ സി പി പ്രസാദ് പറഞ്ഞു. ഒരു കിലോ മീറ്റർ സർവീസ് നടത്തുമ്പോൾ കുറഞ്ഞത് 65 രൂപ ലഭിക്കാൻ സാധിക്കുന്ന തരത്തിൽ ഇലക്ട്രിക് ബസുകളെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് വരുമാനം നേടി കൊണ്ട് വന്ന മുഴുവൻ ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.