കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണമെടുക്കാൻ സെൻസസ് നടത്തും – മന്ത്രി എ.കെ ശശീന്ദ്രൻ
കേരളത്തിലെ കാടുകളിൽ ആനകളുടെ എണ്ണമെടുക്കാൻ ഈ മാസം സെൻസസ് നടത്തുമെന്ന് വനം – വന്യജീവിസംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മുക്കം എം.എം.ഒ.ഒ.എസ്.എ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഏപ്രിൽ 16, 17, 18, 19 തീയതികളിലായാണ് കേരളത്തിലെ മുഴുവൻ വനങ്ങളിലും സെൻസസ് നടത്തുക.
ഇതേ ദിവസങ്ങളിൽ കർണാടക തമിഴ്നാട് സംസ്ഥാനങ്ങളിലെ വനങ്ങളിലും സെൻസസ് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ വെടിവെക്കാൻ ലൈസൻസ് ഉള്ളവരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പുമായി ചേർന്ന് ചർച്ച നടത്തി തീരുമാനമെടുക്കും. വനസംരക്ഷണ സമിതിയുടെ പ്രവർത്തനം ഊർജിതമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരും ഇതിന് നേതൃത്വം നൽകണം. കാടിനെയും നാടിനെയും ഒരുപോലെ അറിയുന്ന പട്ടിക വർഗ വിഭാഗത്തിൽപെട്ട 500 പേരെ സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിക്കാൻ സർക്കാരിന് സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നഷ്ടപരിഹാര ഉത്തരവ് കൈമാറി. വനം വകുപ്പമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കകളും പരാതികളും പരിഹരിക്കാൻ സർക്കാരും വനം വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. 25 പേർക്കാണ് ഉത്തരവ് കൈമാറിയത്. 7.32 ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകുക. ഏഴ് പരാതികളാണ് വന സൗഹൃദ സദസിൽ ലഭിച്ചത്.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അബ്ദുൾ ലത്തീഫ് ചോലക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഷറഫ് മാസ്റ്റർ, ടി പി മാധവൻ, മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് മോയത്ത്, അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, ആദർശ് ജോസഫ്, വി. പി സ്മിത, ഷംലൂലത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ, സോഷ്യൽ ഫോറസ്റ്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഇ.പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. കണ്ണൂർ നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. എസ് ദീപ സ്വാഗതവും ടിമ്പർ സെയിൽസ് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർ എ പി ഇംത്യാസ് നന്ദിയും പറഞ്ഞു.