ഡെംബെലെക്കായി ബാഴ്സ മുടക്കിയത് റെക്കോർഡ് തുകയോ?; ഡോർട്ട്മുണ്ടുമായുള്ള കുടിശ്ശിക തീർത്ത് ക്ലബ്
മാഡ്രിഡ്: സമീപകാലത്തായി ട്രാൻസ്ഫർ വിവാദങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ക്ലബാണ് ബാഴ്സലോണ. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് സ്പെയിനിലെത്തിച്ച് ഇകായ് ഗുണ്ടോഗനെ ഒറ്റ സീസണിന് ശേഷം കൈവിട്ടതാണ് അടുത്തിടെ വലിയ ചർച്ചക്ക് തിരികൊളുത്തിയത്. ഇപ്പോഴിതാ ക്ലബിന്റെ എക്കാലത്തേയും ഉയർന്ന ട്രാൻസ്ഫർ തുകയിലൊന്ന് പുറത്ത് വന്നിരിക്കുന്നു. മുൻ ബാഴ്സ താരവും നിലവിൽ പി.എസ്.ജി താരവുമായ ഉസ്മാൻ ഡെംബെലെക്കായി മൊത്തം തുകയിനത്തിൽ കറ്റാലൻ ക്ലബ് 148 മില്യൺ ചെലവഴിച്ചുവെന്നാണ് റിപ്പോർട്ട്.Dembele
ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 2017ലാണ് ബാഴ്സ ഫ്രഞ്ച് താരത്തെ സൈൻ ചെയ്തത്. അന്ന് 20 കാരനെ 105 മില്യൺ പൗണ്ടിനായിരുന്നു നൗകാമ്പിലെത്തിച്ചത്. ഇതോടൊപ്പം 40 മില്യൺ കൂടി ക്ലബിന് നൽകണമെന്ന് കരാറിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ക്ലബ് ഈ തുക കൂടി നൽകിയതോടെ 148 മില്യണാണ് ഡെംബെലെക്കായി മുടക്കിയതെന്ന് ജർമൻ മാധ്യമമായ ബിൽഡ് റിപ്പോർട്ട് ചെയ്തു. ഇതോടെ ക്ലബ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താര കൈമാറ്റമായി മാറിയിത്.
വൻ തുക മുടക്കിയെത്തിച്ച താരത്തിന് പരിക്കും ഫോമില്ലായ്മയും കാരണം ബാഴ്സയിൽ പലപ്പോഴും തിളങ്ങാനായില്ല. തുടർന്ന് മൂന്ന് സീസണിന് ശേഷം 2023ൽ 50 മില്യൺ ഡോളറിന് പി.എസ്.ജിക്ക് വിൽക്കുകയായിരുന്നു. ക്ലബിന്റെ ഏറ്റവും മോശം സൈനിംഗിലൊന്നായാണ് ഡെംബെലെ ഡീൽ പിന്നീട് വിലയിരുത്തപ്പെട്ടത്. നെയ്മറിനെ പി.എസ്.ജിക്ക് കൈമാറിയതിൽ ലഭിച്ച 222 മില്യൺ യൂറോയാണ് ഡെംബെലെയെ എത്തിക്കുന്നതിനായി ക്ലബ് ചെലവഴിച്ചത്. നേരത്തെ ബ്രസീലിയൻ ഫിലിപ്പ് കുട്ടീഞ്ഞോയുടെ ട്രാൻസ്ഫറിലും സ്പാനിഷ് ക്ലബിന് കൈപൊള്ളിയിരുന്നു.