ജമ്മു കശ്മീരിൽ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു; മറ്റന്നാൾ 24 മണ്ഡലങ്ങൾ പോളിങ് ബൂത്തിലേക്ക്

 

Kashmirശ്രീന​ഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം അവസാനിച്ചു. മറ്റന്നാൾ നടക്കുന്ന വോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ ജനവിധി രേഖപ്പെടുത്തും. ഒരു മാസത്തിലധികം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്.Kashmir

മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മെഗാ റാലികളാണ് കലാശക്കൊട്ടിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. വീടുകൾ കയറിയുള്ള പ്രചാരണവും സ്ഥാനാർഥികൾ നടത്തി. നാളെ നിശബ്ദ പ്രചാരണമാണ്. പിന്നാലെ, അടുത്ത ഘട്ടത്തെ ബിജെപി പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ശ്രീനഗറിലെത്തും.

അതേസമയം, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിക്കെതിരെ അവസാന ദിവസവും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റ് ഒമർ അബ്ദുല്ല രംഗത്തെത്തി. ജമ്മു കശ്മീരിന് നാശം മാത്രമാണ് മെഹബൂബ മുഫ്തി വരുത്തിയതെന്ന് ഒമർ അബ്ദുല്ല പറഞ്ഞു.

അതിനിടെ, അവാമി ഇത്തിഹാദ് പാർട്ടിയും കശ്മീർ ജമാഅത്തെ ഇസ്‌ലാമി പിന്തുണയ്ക്കുന്ന സ്ഥാനാർഥികളും തമ്മിൽ സഖ്യമായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച് കശ്മീരിലെത്തി രണ്ടു ദിവസത്തിന് ശേഷമാണ് അധ്യക്ഷൻ എൻജിനീയർ റാഷിദ് സഖ്യം ചേരാൻ തീരുമാനിച്ചത്. ചില സീറ്റുകളിൽ പരസ്പരം മത്സരമുണ്ട്.

സഖ്യം എൻസി- കോൺഗ്രസ്‌ സഖ്യത്തിനും പിഡിപിക്കും ഒരുപോലെ വെല്ലുവിളിയാണ്. ഈ മാസം 25, അടുത്ത മാസം ഒന്ന് തിയതികളിലാണ് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ്. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

അതേസമയം, ജമ്മു കശ്മീരിലെ രാഷ്ട്രീയ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് അവാമി ഇത്തിഹാദ് പാർട്ടി അധ്യക്ഷൻ എൻജിനീയർ റാഷിദ് എംപി ആവശ്യപ്പെട്ടു. ബിജെപിയും നാഷണൽ കോൺഫറൻസും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. ജമ്മു കശ്മീർ ജനങ്ങൾക്ക് മുന്നിൽ കേന്ദ്രസർക്കാർ കീഴടങ്ങേണ്ടി വരുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

കശ്മീരിൽ വേരുറച്ചുവരുന്ന അവാമി ഇത്തിഹാദ് പാർട്ടിക്കെതിരെയും അധ്യക്ഷൻ എൻജിനീയർ റാഷിദിനെതിരെയും വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് അദ്ദേഹം ബിജെപിക്കും നാഷണൽ കോൺഫറൻസിനും പിഡിപിക്കുമെതിരെ രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *