ലബനാനിലെ പേജർ സ്ഫോടനം; പിന്നിൽ ഇസ്രായേൽ: റിപ്പോർട്ട്
ബെയ്റൂത്ത്: ലബനാനിലെ പേജർ സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലാണെന്ന് റിപ്പോർട്ട്. പേജറുകളുടെ ഒരു ബാച്ചിനുള്ളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചതായി ന്യൂയോർക്ക് ടൈംസാണ് റിപ്പോർട്ട് ചെയ്തത്. മൊസാദും ഇസ്രായേൽ സൈന്യവും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷൻ്റെ ഫലമായിരുന്നു സ്ഫോടനമെന്ന് സിഎൻഎൻ റിപ്പോർട്ടു ചെയ്തു. ആക്രമണം പശ്ചിമേഷ്യയിലെ യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. സ്ഫോടനങ്ങളുടെ തരംഗം ലെബനനിലെ നിരവധി പ്രദേശങ്ങളെ ബാധിച്ചു.Israel
‘ലെബനാനിലേക്ക് ഇറക്കുമതി ചെയ്ത തായ്‌വാൻ നിർമിത പേജറുകളുടെ ഒരു ബാച്ചിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചു. ഓരോ പേജറിലും ബാറ്ററിയുടെ അടുത്താണ് സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിരുന്നത്. സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുന്നതിനായി വിദൂരമായി പ്രവർത്തനക്ഷമമാക്കാൻ കഴിയുന്ന ഒരു സ്വിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്.’ ഉയർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
മൊസാദ് പ്രത്യേക കോഡ് അയച്ചതോടെ 3000 പേജറുകളിലെ സ്ഫോടക വസ്തുക്കൾ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഈ പേജറുകളിൽ മൂന്ന് ഗ്രാം സ്ഫോടകവസ്തുവാണ് സൂക്ഷിച്ചതെന്നും മാസങ്ങളോളം ഇത് ഹിസ്ബുല്ലക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നും ലബനാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തി.
സ്ഫോടനത്തിൽ ഇതുവരെ ഒമ്പത് പേർ കൊല്ലപ്പെടുകയും 2,800ഓളം പേർക്ക് പരിക്കേറ്റതായും ലെബനാൻ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. 170ഓളം പേർ ഗുരുതരാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌ഫോടനത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. എന്നാൽ ഇസ്രായേലാണ് ആക്രമണത്തിന് പിന്നിലെന്ന് ലെബനാനും ഹിസ്ബുലയും ആരോപിച്ചു. ‘ഇസ്രായേൽ ഭീകരത’യെന്നാണ് ഇറാൻ അക്രമത്തെ വിമർശിച്ചത്.
ഇസ്രായേൽ, യുഎസ് സ്പൈവെയർ എന്നിവയിൽ നിന്നുള്ള നുഴഞ്ഞുകയറ്റം ഒഴിവാക്കാൻ ഹിസ്ബുല്ല ഹൈടെക് ഉപകരണങ്ങൾ ഉപേക്ഷിച്ചിരുന്നു. 5000 പേജറുകളാണ് ലബനാനിലെ സായുധ വിഭാഗമായ ഹിസ്ബുല്ല മാസങ്ങൾക്ക് മുമ്പ് വാങ്ങിയത്. ലബനാനിൽ എത്തുന്നതിന് മുമ്പ് തന്നെ ഇതിൽ കൃത്രിമം നടന്നെന്നാണ് വിവരം. തായ്വാൻ കമ്പനിയായ ഗോൾഡ് അപ്പോളോയുടെ പേരിലുള്ള പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഈ പേജറുകൾ തങ്ങൾ നിർമിച്ചതല്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. തങ്ങളുടെ ട്രേഡ് മാർക്ക് ഉപയോഗിക്കാൻ അനുമതിയുള്ള യൂറോപ്പിലെ ബിഎസി എന്ന കമ്പനിയാണ് ഇത് നിർമിച്ചതെന്നും അവർ അറിയിച്ചു.
ഇസ്രായേലിനെതിരായ തങ്ങളുടെ പ്രവർത്തനങ്ങൾ തുടരുമെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. ‘ശത്രുവിന് തീർച്ചയായും ഈ ആക്രമണത്തിന് ന്യായമായ ശിക്ഷ ലഭിക്കും. അവർ പ്രതീക്ഷിക്കാത്ത വഴികളിലൂടെയായിരിക്കും തിരിച്ചടിയുണ്ടാവുക.’ ഹിസ്ബുല്ല പറഞ്ഞു.