ജി.പി.എസ് കോളർ എത്താൻ വൈകുന്നു; മിഷൻ അരിക്കൊമ്പൻ നീളും

ഇടുക്കി: അരിക്കൊമ്പനെന്ന കാട്ടാനയെ മയക്കു വെടിവെച്ച് പിടികൂടാനുള്ള ദൗത്യം നീളും. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജി.പി.എസ് കോളർ എത്താത്തതിനാലാണ് ഭൗത്യം വൈകുന്നത്. അസം വനംവകുപ്പിന്റെ കൈവശമുള്ള ജി.പി.എസ് കോളർ ഇടുക്കിയിൽ എത്തിക്കാനാണ് ശ്രമം. എന്നാൽ അസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ഇതുവരെ ലഭ്യമായിട്ടില്ല.

തുടരെ അവധി ദിവസങ്ങൾ ആയിരുന്നതിനാലാണ് അനുമതി ലഭിക്കാൻ വൈകിയതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇന്ന് അനുമതി ലഭിച്ചാൽ നാളെയോടുകൂടി ജി.പി.എസ് കോളർ ഇടുക്കിയിൽ എത്തും. അതിനുശേഷമായിരിക്കും ദൗത്യത്തിൽ പങ്കെടുക്കുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേരുക.

കോടതിയുടെ നിരീക്ഷണം ഉള്ളതിനാൽ മയക്കുവെടി വെയ്ക്കുന്നതിനുമുമ്പ് വിശദമായ മോക്ഡ്രിൽ ഉൾപ്പെടെ നടത്തും. അതേസമയം അരിക്കൊമ്പനെ എത്തിക്കുന്നതിനെതിരായ പറമ്പിക്കുളത്തെ പ്രതിഷേധവും ജനകീയ സമര സമിതിയുടെ കോടതിയെ സമീപിക്കാനുള്ള തീരുമാനവും മയക്കുവെടി വെയ്ക്കുന്ന ദൗത്യം നീണ്ടു പോകാനിടയാക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർക്കും വനം വകുപ്പും.

Leave a Reply

Your email address will not be published. Required fields are marked *