തൃശൂർ പൂരം അലങ്കോലപ്പെടൽ: സുരേഷ് ഗോപി ആംബുലൻസിൽ എത്തുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നു

Thrissur Pooram riots: Footage of Suresh Gopi arriving in ambulance goes viral

തൃശൂർ ∙ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിനു പിന്നാലെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമവുമായി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു. മറ്റു വാഹനങ്ങൾക്കു പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് ആംബുലൻസിൽ സുരേഷ് ഗോപിയെ എത്തിച്ചത‍ിൽ ഗൂഢാലോചനയുണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു. സേവാഭാരതിയുടെ ആംബുലൻസിന്റെ മുൻസീറ്റിൽ ഇരുന്നു സുരേഷ് ഗോപി വന്നിറങ്ങുന്ന ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. പൂരം നിലയ്ക്കാതിരിക്കാൻ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ പൂരനഗരിയിലേക്ക് ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ മൂലം വിശ്രമത്തിലായിരുന്ന സുരേഷ് ഗോപി പൂരത്തിന്റെ മറ്റു ചടങ്ങുകളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നാണു പ്രതിപക്ഷ ആരോപണം.

പൂരം നിലച്ചയുടനെ സുരേഷ് ഗോപിയെ ആംബുലൻസിൽ കയറ്റി എത്തിച്ചത‍‍ു ദുരൂഹമാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആയിരുന്നു വി.എസ്. സുനിൽ കുമാറും യുഡിഎഫ് സ്ഥാനാർഥി ആയിരുന്ന കെ. മുരളീധരനും ആരോപിച്ചിരുന്നു. രോഗികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ആംബുലൻസ് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണെന്നും ഇവർ പ്രതികരിച്ചിരുന്നു. എന്നാൽ, അനാരോഗ്യം മൂലമാണ് ആംബുലൻസ് ഉപയോഗിക്കേണ്ടി വന്നതെന്ന് എൻഡിഎ നേതാക്കൾ വിവാദത്തിനു പിന്നാലെ പ്രത‍ികരിച്ചിരുന്നു. പൂരം അലങ്കോലപ്പെടുത്തിയതിനു പിന്ന‍ിലെ ഗൂഢാലോചന പുറത്തു കൊണ്ടുവന്നേ മതിയാകൂ എന്നു സിപിഐ സംസ്ഥാന കൗൺസിലംഗം വി.എസ്.സുനിൽകുമാർ പറഞ്ഞു. പൂരത്തെ എൻഡിഎ സ്ഥാനാർഥിയുടെ രാഷ്ട്രീയ വിജയത്തിനുള്ള കരുവാക്കി ഉപയോഗിച്ചു എന്നതു സത്യമാണ്. പൂരം അലങ്കോലപ്പെടുത്തുന്നതിന്റെ പിന്നിലും അത്തരം ശക്തികളുണ്ട്. ഇക്കാര്യത്തിൽ ദേവസ്വങ്ങളെ പഴിചാരാനില്ല. അന്വേഷണം ഇഴഞ്ഞു നീങ്ങിയെന്നതിൽ സംശയമില്ല. 5 മാസമൊന്നും നീട്ടിക്കൊണ്ടു പോകേണ്ടതില്ലെന്നും സുനിൽകുമാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *