കുനിയിൽ ഇരട്ടക്കൊല: വിധി നാളെ അറിയാം
കുനിയിൽ: കുനിയിൽ ഇരട്ടക്കൊല കേസിൽ വ്യാഴാഴ്ച മഞ്ചേരി മൂന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതി ജഡ്ജി ടി.എച്ച്. രജിത വിധി പറയും.
കേസിൽ 21 പ്രതികളാണുള്ളത്. ദൃക്സാക്ഷികളുൾപ്പെടെ 275 സാക്ഷികളെ വിസ്തരിച്ചു. 2012 ജൂൺ പത്തിനാണ് കേസിനാസ്പദമായ സംഭവം.
കൊളക്കാടൻ അബൂബക്കർ, സഹോദരൻ അബ്ദുൽ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡിൽ വെട്ടിക്കൊ ലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്താൻ ഉപയോഗിച്ച വടി വാൾ, മറ്റ് ആയുധങ്ങൾ, പ്രതികളുടെ മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ നൂറ് തൊണ്ടി മുതലുകളും ശാസ്ത്രീയമായി തയാറാക്കിയ മൂവായിരത്തോളം രേഖകളും പ്രോസിക്യൂഷൻ ഹാജരാ ക്കിയിരുന്നു.
2018ൽ വിചാരണ തുടങ്ങിയെ ങ്കിലും കോവിഡും സാക്ഷി വിസ്താരം നടത്തിയ ജഡ്ജി എ.വി. മൃദുല മഞ്ചേരി കോടതിയിൽനിന്ന് തലശ്ശേരിയിലേക്ക് സ്ഥലം മാറിയതും കാരണം നടപടികൾ നീണ്ടു. ഇതിനിടയിൽ വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസിൽ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാർ സുപ്രീം കോടതിയെ സമീപിച്ചു.
എന്നാൽ, നിലവിൽ കേസ് കേൾക്കുന്ന ജഡ്ജി ടി.എച്ച്. രജിത വിചാരണ നടപടികൾ പൂർത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഈ ഹരജി സുപ്രീം കോടതി തള്ളി. തുടർന്നാണ് കേസിലെ നടപടികൾ പൂർത്തിയാക്കി വിധിപറയാൻ മാറ്റിയത്.